കോഴിക്കോട് - പ്രവാസി മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വിമാന ടിക്കറ്റുകളില്‍ അടിക്കടിയുണ്ടാകുന്ന ചാര്‍ജ് വര്‍ധന. ഒന്ന് നാട്ടില്‍ പോയി സന്തോഷത്തോടെ കുറച്ച് ദിവസം കുടുംബത്തോടൊപ്പം താമസിച്ച് തിരിച്ച് പോകണമെന്ന് വിചാരിച്ചാല്‍ ശരിക്കും കീശ കീറും. തീവെട്ടിക്കൊള്ളയാണ് ടിക്കറ്റ് ചാര്‍ജിന്റെ കാര്യത്തില്‍ വിമാനക്കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വേതനത്തിന് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒന്ന് നാട്ടില്‍ പോയി വരികയെന്നത് പലപ്പോഴും വിദൂര സ്വപ്‌നമായി മാറുന്നു. ഗള്‍ഫില്‍ കഠിനാദ്ധ്വാനം ചെയ്ത് മിച്ചം പിടിക്കുന്ന പണം കൊണ്ട് വേണം മിക്കവര്‍ക്കും ഒന്ന് നാട്ടില്‍ പോയി വരാന്‍. വിമാന ടിക്കറ്റിന് പണമില്ലാത്തതിനാല്‍ നാട്ടില്‍ പോക്ക് ഓരോ വര്‍ഷവും മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളികളുടെ എണ്ണവും ഏറെയാണ്. അവധിക്കാലത്ത് കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അവരുടെ കാര്യം പറയുകയും പറയുകയും വേണ്ട. ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം വിമാന ടിക്കറ്റ് എടുത്തു നല്‍കുമ്പോഴേക്കും പോക്കറ്റ് ശരിക്കും കാലിയാകും.
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമാണ് വിമാന ടിക്കറ്റുകളുടെ കാര്യത്തില്‍ വിമാനക്കമ്പനികള്‍ തീവെട്ടിക്കൊള്ള നടത്തുന്നത്. ഇതേ ദൂരത്തില്‍ മറ്റു സെക്ടറുകളില്‍ ഉള്ളതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയാണ് ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്. യാത്രയുടെ ദൂരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലേക്കും യുറോപ്പിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെയുള്ളതിനേക്കാള്‍ ഗള്‍ഫ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. മറ്റ് വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അവരെ പരമാവധി ചൂഷണം ചെയ്യുകയെന്നതാണ് വിമാനക്കമ്പനികളുടെ പരിപാടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവരും തിരിച്ചു വരുന്നവരും എത്ര പൈസ നല്‍കിയും ടിക്കറ്റെടുക്കുമെന്ന ധാരണ വിമാനക്കമ്പനികള്‍ക്കുണ്ട്. അവധിക്കാലത്ത് ഒറ്റയടിക്ക് ടിക്കറ്റ് ചാര്‍ജ് വാണം വിട്ടപോലെ ഉയരുന്നത് പതിവാണ്.
പ്രവാസികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന ടിക്കറ്റ് നിരക്കില്‍ അല്‍പ്പം ആശ്വാസം കിട്ടും. താരതമ്യേന കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ചില വഴികളുണ്ട്. അതേക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കണം. ആന്‍ഡ്രോയിഡ് ഫോണും അതില്‍ ഇന്റര്‍നെറ്റ് സൗകര്യവുമൊക്കെ ഒട്ടുമിക്കവര്‍ക്കും ഉള്ളതിനാല്‍ കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകള്‍ കണ്ടെത്തുന്നതിനും അത് ബുക്ക് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എങ്ങനെയാണ് വിമാന കമ്പനികള്‍ വിമാന ടിക്കറ്റ് ചാര്‍ജ് കണക്കാക്കുന്നത് എന്നതടക്കമുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് എങ്ങനെ?
യാത്രക്കാരെ പിഴിഞ്ഞ് പരമാവധി ലാഭം ഉണ്ടാക്കുകയെന്നതാണ് വിമാന കമ്പനികളുടെ ലക്ഷ്യമെങ്കിലും വിമാന ടിക്കറ്റ് നിരക്ക് പ്രാഥമികമായി തീരുമാനിക്കുന്നതിന് എല്ലാ വിമാന കമ്പനികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്. അതായത് ചില അടിസ്ഥാന കാര്യങ്ങള്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഒരു സ്ഥലം മുതല്‍ അടുത്ത സ്ഥലം വരെ യാത്രക്കുള്ള ഒരു അടിസ്ഥാന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ചിരിക്കും. അതിന് പുറമെ ഇന്ധന ചാര്‍ജ്, സര്‍ചാര്‍ജ് ,വിവിധ നികുതികളും എയര്‍പോര്‍ട്ട് ഫീസും, ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള സേവന ഫീസും ഉള്‍പ്പെടുന്നതാണ് ഒരു വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് എന്ന് പറയുന്നത്. ഇതിന് പുറമെ സീറ്റ് തെരഞ്ഞെടുക്കല്‍ (ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ക്ലാസ് ) ഭക്ഷണം, അധിക ലഗേജിനുള്ള പണം നല്‍കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ടിക്കറ്റുകളെ വിവിധ വില നിലവാരത്തിലായി വേര്‍തിരിക്കും. എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമുണ്ടോ അതനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്ക് ഈടാക്കുക.
ആവശ്യക്കാരാണ് തുരുപ്പ് ചീട്ട്
എല്ലാ വിമാനക്കമ്പനികളും ലാഭം കൊയ്യുന്നത് ടിക്കറ്റിനുള്ള ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ചാണ്. വിമാനക്കമ്പനികള്‍ ഒരു റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് നിശ്ചയിക്കുമ്പോള്‍ തന്നെ അതിനെ ആവശ്യക്കാരുടെ ഏകദേശ എണ്ണവുമായി താരതമ്യപ്പെടുത്തി വിവിധ ക്വാട്ടകളില്‍ വ്യത്യസ്ത നിരക്കിലാക്കി മാറ്റും. ഇങ്ങനെ മൂന്നോ നാലോ ക്വാട്ടകളാക്കിയാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുക. ഓരോ ക്വാട്ട മാറുന്നതിനുസരിച്ച് ടിക്കറ്റ് നിരക്കും വര്‍ധിച്ചു കൊണ്ടിരിക്കും. ഇതിനെ ' ബക്കറ്റ് പ്രൈസ് ' എന്നാണ് സാധാരണ പറയുക. അതായത് ഒരു വിമാനത്തിലെ ആകെയുള്ള സീറ്റി്‌ന്റെ ഒരു നിശ്ചിത ശതമാനം ( ഇരുപതോ മുപ്പതോ ഒക്കെ ആകും ) സീറ്റുകളായിരിക്കും എറ്റവും അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ നല്‍കുക. അത് കഴിഞ്ഞാല്‍ അടുത്ത ശതമാനം ടിക്കറ്റുകള്‍ കുറച്ച് കൂടി അധികം നിരക്കിലേക്ക് മാറ്റും. അതും കഴിഞ്ഞാല്‍ മറ്റൊരു ശതമാനം ടിക്കറ്റും അതിനേക്കാള്‍ കൂടുതല്‍ നിരക്കിലേക്ക് മാറും. ഇങ്ങനെ മൂന്നും നാലും ബക്കറ്റുകളായാണ് ടിക്കറ്റ് നിരക്ക് തീരുമാനിക്കുകയും അത് ലഭ്യമാക്കുകയും ചെയ്യുക. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കാനായി കുറച്ച് ടിക്കറ്റുകള്‍ മാറ്റിവെയ്ക്കും. അവസാന നിമിഷ വില്‍പ്പനയക്ക് വേണ്ടി (ലാസ്റ്റ് മിനുട്ട് സെയില്‍) മാറ്റി വെയ്ക്കുന്ന ഈ ടിക്കറ്റുകളുടെ ചാര്‍ജ് ഏറ്റവും ഉയര്‍ന്നതായിരിക്കും. അഥവാ ആവശ്യക്കാരുടെ എണ്ണം കുറവാണെങ്കില്‍ അപൂര്‍വ്വമായി ഈ ടിക്കറ്റുകള്‍ അവസാന നിമിഷം കുറഞ്ഞ നിരക്കില്‍ വില്‍ക്കാനും സാധ്യതയുണ്ട്.
ഇങ്ങനെ വിവിധ ക്വാട്ടകളാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുമ്പോള്‍ ഓരോ ക്വാട്ടയും തീരുന്നതനുസരിച്ച് അടുത്ത ക്വാട്ടയിലേക്ക് മാറിക്കൊണ്ടിരിക്കും. ഇതുകൊണ്ടാണ് ഒരേ റൂട്ടില്‍ വിവിധ ദിവസങ്ങളില്‍ വിവിധ ടിക്കറ്റ് നിരക്കുകള്‍ നമ്മള്‍ കാണുന്നത്. ഓരോ റൂട്ടിലും വിവിധ ദിവസങ്ങളിലായി ഏകദേശം എത്രത്തോളം യാത്രക്കാര്‍ ഉണ്ടാകുമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ കണക്കാക്കിയിരിക്കും. ഈ റൂട്ടില്‍ മുന്‍കാലങ്ങളില്‍ സ്ഥിരമായുള്ള ടിക്കറ്റ് വില്‍പ്പനയുടെ എണ്ണം, അവധിക്കാലമോ, അല്ലെങ്കില്‍ ടൂറിസ്റ്റുകളുടെ സീസണ്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റ (അല്‍ഗൊരിതം) വിമാനക്കമ്പനികള്‍ സെറ്റു ചെയ്തു വെച്ചിരിക്കും. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ ഇത് ഏറ്റവും പ്രധാന ഘടകമാണ്. ഓരോ വിമാനക്കമ്പനികളും ടിക്കറ്റുകളുടെ ക്വാട്ടയും നിരക്കും നിശ്ചയിക്കുന്നതിലും അല്‍ഗൊരിതം കണക്കാക്കുന്നതിലുമൊക്കെ അവരുടെ സ്വന്തം രീതിയാണ് നടപ്പാക്കുക. അതുകൊണ്ടാണ് ഒരേ റൂട്ടില്‍ വിവിധ വിമാന കമ്പനികള്‍ക്ക് വിവിധ ടിക്കറ്റ് നിരക്കുകള്‍ വരുന്നത്.
കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെന്ത്?
വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുന്നതിനിടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുടെ 'കൊള്ള ' യില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കും. അതിനായി ആധുനിക സാങ്കേതിക രീതികളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഇന്റര്‍നെറ്റ് കണക്ഷനും ആന്‍ഡ്രോയിഡ് ഫോണും, അല്ലങ്കില്‍ ഡെക്‌സ് ടോപ്പ് കമ്പ്യൂട്ടറോ, ലാപ്പ് ടോപ്പോ ഒക്കെ ഉള്ള ആര്‍ക്കും വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ ചെയ്യാവുന്ന കാര്യമാണിത്. വിമാന ടിക്കറ്റ് എടുക്കാന്‍ ഏതെങ്കിലും ട്രാവല്‍ ഏജന്റിനെ ഏല്‍പ്പിക്കുകയാണ് അധികം പേരും ചെയ്യുക. ആവശ്യപ്പെടുന്ന സമയത്തേക്ക് ഒരു ടിക്കറ്റ് ട്രാവല്‍ ഏജന്റ് ബുക്ക് ചെയ്ത് നല്‍കുകയാണ് പതിവ്. എന്നാല്‍ വിവിധ വിമാനക്കമ്പനികളുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ തെരഞ്ഞ് ഒരു നിശ്ചിത ദിവസത്തേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടു പിടിച്ചു തരുന്ന നിരവധി മൊബൈല്‍ ആപ്പുകളും വെബ് സൈറ്റുകളുമുണ്ട്. ഇതില്‍ തെരഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക് കണ്ടെത്താനും ബുക്ക് ചെയ്യാനും കഴിയും. ട്രാവല്‍ ഏജന്റ് വഴിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ സ്വയം തെരഞ്ഞ് കണ്ടെത്തിയ ഏറ്റവും ചുരുങ്ങിയ നിരക്കിനെ കുറിച്ച് അവരെ അറിയിക്കുകയും ആ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
ഗൂഗിള്‍ ഫ്‌ളൈറ്റ്
ഒട്ടുമിക്ക വിമാനക്കമ്പനികളുടെയും ഒരേ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ ഒരുമിച്ച് തെരഞ്ഞ് കണ്ടുപിടിക്കുന്നതിനും ടിക്കറ്റ് നിരക്ക് താരമത്യം ചെയ്യുന്നതിനുമുള്ള (പ്രൈസ് കംപാരിസണ്‍) വെബ് സൈറ്റുകളും മൊബൈല്‍ ആപ്പുകളും ധാരാളമുണ്ട്. അവയില്‍ ചിലത് വലിയ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇതിന് ഏറ്റവും പറ്റിയ വെബ്‌സൈറ്റുകളിലൊന്നാണ് ഗൂഗിള്‍ കമ്പനിയുടെ ഗൂഗിള്‍ ഫ്‌ളൈറ്റ് എന്ന വെബ് പേജ്. ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് ഗൂഗില്‍ ഫ്‌ളൈറ്റ് എന്ന ടൈപ്പ് ചെയ്താല്‍ ഇത് വരും. നിലവില്‍ ലഭ്യമായ ഏറ്റവും സൗകര്യമുള്ളതും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കാണിച്ചു തരുന്നതുമായ വെബ് പേജാണിത്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ശേഖരണ കമ്പനി ഗൂഗിള്‍ ആയതിനാല്‍ വിവിധ വിമാനക്കമ്പനികളുടെ പ്രസിദ്ധപ്പെടുത്തിയ ടിക്കറ്റ് നിരക്കുകളെല്ലാം ഇതില്‍ ലഭ്യമാണ്. മാത്രമല്ല ഒരു റൂട്ടില്‍ ഒരു ദിവസം ഏറ്റവും കുറഞ്ഞ ചാര്‍ജ് എത്രയാണെന്നും ഈ വെബ് പേജ് കാണിച്ചു തരും. അവര്‍ കാണിച്ചു തരുന്നതിനേക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് മറ്റെവിടെയും ഉണ്ടാകില്ലെന്നും അവര്‍ ഗ്യാരന്റി നല്‍കുന്നുണ്ട്. വിവിധ മാസങ്ങളിലെ ഓരോ ദിവസത്തെയും വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് ഇതില്‍ കാണാനാകും. ഏത് ദിവസം ഏത് വിമാനത്തില്‍ യാത്ര ചെയ്താലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുകയെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഈ വെബ് പേജിലൂടെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ഒരു വര്‍ഷത്തേക്ക് വരെ ദിനം പ്രതിയുള്ള ടിക്കറ്റ് നിരക്കുകള്‍ വളരെ എളുപ്പത്തില്‍ ഇതില്‍ കാണാന്‍ കഴിയും. ഇതിന് പുറമെ Skyscanner, wego തുടങ്ങിയ മറ്റ് വൈബ് സെറ്റുകളും അവയുടെ ആപ്പുകളും ഇത്തരത്തില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കണ്ടു പിടിക്കുന്നതിന് ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് - വിമാന ടിക്കറ്റ് കണ്ടെത്തുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റ് ഗൂഗിള്‍ ക്രോം വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്രൗസര്‍ വഴിയോ തമ്മള്‍ പല തവണ തുറന്ന് നോക്കിയിട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് നമ്മുടെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഒക്കെ ചില ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യപ്പെടും ' കുക്കീസ് ' എന്നാണ് ഇതിന് സാങ്കേതികമായി പറയുക. അങ്ങനെ വന്നാല്‍ ചിലപ്പോള്‍ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ നിരക്ക് വിമാന കമ്പനികള്‍ മാറ്റിയാല്‍ പോലും ' കുക്കീസ് ' രൂപപ്പെടുന്നത് കാരണം നമ്മുടെ മൊബൈള്‍ ഫോണിലും കമ്പ്യൂട്ടറിലുമെല്ലാം പഴയ നിരക്ക് തന്നെയാകും കിടക്കുക. ഇത് മാറ്റാനായി ഹിസ്റ്ററി ഓപ്ഷനില്‍ പോയി ' കുക്കീസ് ' ഇടയ്ക്കിടെ റിമൂവ് ചെയ്യുകയോ അല്ലെങ്കില്‍ Incogntio മോഡിലുള്ള ബ്രൗസറില്‍ വെബ്‌സൈറ്റുകള്‍ തുറക്കുകയോ ചെയ്താല്‍ മതി.
യാത്രാ തിയ്യതി വളരെ മുന്‍കൂട്ടി തീരുമാനിക്കുക
ചുരുങ്ങിയത് ഒരു മാസം മുന്‍പെങ്കിലും യാത്രാ തിയ്യതി തീരുമാനിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. അന്‍പത് ദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ കുറഞ്ഞ നിരക്കുള്ള ക്വാട്ടയില്‍ നിന്ന് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനി അധികൃതര്‍ പറയുന്നു. യാത്രക്കുള്ള ദിവസം അടുക്കും തോറും നിരക്ക് കൂടിക്കൊണ്ടിരിക്കും.
യാത്ര ചെയ്യാന്‍ നിശ്ചയിച്ച തിയ്യതിയില്‍ ചെറിയ മാറ്റം വരുത്തി നോക്കുക
നമ്മള്‍ യാത്ര ചെയ്യാന്‍ ഒരു തിയ്യതി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒന്നോ രണ്ടോ ദിവസം നേരത്തയോ അല്ലെങ്കില്‍ കഴിഞ്ഞോ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍ ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കൂടി പരിശോധിക്കുക. ചിലപ്പോള്‍ നമ്മള്‍ നിശ്ചയിച്ച തിയ്യതിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഈ ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കും
എത്തേണ്ട സ്ഥലത്തെ തൊട്ടടുത്ത വിമാനത്താളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുക
ഒരു വിമാനത്താവളത്തിലേക്കുള്ള ആളുകളുടെ ഡിമാന്‍ഡ് അനുസരിച്ചാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുക. ഡിമാന്‍ഡ് കൂടുമ്പോള്‍ ടിക്കറ്റ് നിരക്കും കൂടും. നമുക്ക് എത്തേണ്ട വിമാനത്താവളത്തിന് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഡിമാന്‍ഡ് കുറവാണെങ്കില്‍ അവിടേക്കുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുക. അതിന്റെ നിരക്കില്‍ ചിലപ്പോള്‍ കാര്യമായ കുറവുണ്ടായിരിക്കും. ഉദാഹരണത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ച ആള്‍ക്ക് കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ ഉള്ള ടിക്കറ്റ് നിരക്കുകള്‍ കൂടി പരിശോധിക്കാവുന്നതാണ്. മലബാര്‍ മേഖലയില്‍ എത്തേണ്ടവര്‍ ബസ്സിലോ ട്രെയിനിലോ ഒക്കെ കുറച്ച് മണിക്കൂറുകള്‍ സഞ്ചരിക്കാന്‍ തയ്യാറാണെങ്കില്‍ ബെംഗളുരുവിലേക്ക് ടിക്കറ്റ് എടുത്താല്‍ പലപ്പോഴും കുറഞ്ഞ നിരക്കില്‍ കിട്ടും.
ഓണ്‍ലൈനില്‍ വിമാനക്കമ്പനിയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുക
ഓണ്‍ലൈനില്‍ ഏതെങ്കിലും വെബ്‌സൈറ്റിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്പിലോ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് കണ്ടെത്തിയാല്‍ ആ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റില്‍ നേരിട്ട് പോയി ടിക്കറ്റ് ബുക്ക് ചെയ്താല്‍ കുറച്ചു കൂടി നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. കാരണം വൈബ് സൈറ്റുകള്‍ പലപ്പോഴും ഉപഭോക്താക്കളില്‍ നിന്ന് ഒരു തുക സര്‍വ്വീസ് ചാര്‍ജ് എന്ന നിലയില്‍ അധികമായി ഈടാക്കാറുണ്ട്. നേരിട്ട് ബുക്ക് ചെയ്യുമ്പോള്‍ ഈ തുക കുറഞ്ഞ കിട്ടും.
റിട്ടേണ്‍ ടിക്കറ്റ് കൂടി ഒരുമിച്ച് എടുക്കുമ്പോള്‍ ശ്രദ്ധിക്കുക
മിക്കവരും യാത്ര പോകാനുള്ള ടിക്കറ്റും റിട്ടേണ്‍ ടിക്കറ്റും ഒരുമിച്ച് ഒരേ വിമാനക്കമ്പനിയില്‍ നിന്ന് തന്നെ എടുക്കുകയാണ് പതിവ്. ഇത് ചിലപ്പോള്‍ വലിയ ടിക്കറ്റ് നിരക്കിന് കാരണമാകും. രണ്ട് ടിക്കറ്റും ഒരുമിച്ചെടുക്കുന്നതിന് മുന്‍പ് രണ്ടും വെവ്വേറെ എടുത്താന്‍ കുറഞ്ഞ നിരക്കില്‍ കിട്ടുമോയെന്ന കാര്യം വൈബ് സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും മറ്റും പരതി കണ്ടുപിടിക്കുക. കുറഞ്ഞ നിരക്കില്‍ കിട്ടുമെങ്കില്‍ രണ്ട് ടിക്കറ്റും വെവ്വേറെ ബുക്ക് ചെയ്യുക.
ഓഫറുകള്‍ പരമാവധി മുതലാക്കുക
ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി വെബ്‌സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ ടിക്കറ്റ് നിരക്ക് കുറയും. ഇന്റര്‍നാഷണല്‍ ടിക്കറ്റില്‍ വലിയ തുകയ്ക്കുള്ള ഓഫറുകള്‍ ഉണ്ടാകാറുണ്ട്. ചില ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ മണി വാലറ്റുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴി പേമെയ്ന്റ് നടത്തുമ്പോഴോ ഒക്കെ ഇങ്ങനെ വലിയ തുകയുടെ ഓഫറുകള്‍ ലഭിക്കാറുണ്ട്. സ്വന്തമായി ഇവ ഇല്ലെങ്കില്‍ ഇവ ഉള്ളവര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് അവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവായ സംഖ്യ പണമായി നല്‍കിയാല്‍ മതി. ചിലപ്പോള്‍ പ്രമോഷന്റെ ഭാഗമായി എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് നല്‍കുന്നതിനായി കൂപ്പണുകള്‍ ഇറക്കാറുണ്ട്. ഈ കുപ്പണ്‍ കോഡുകള്‍ വെബ്‌സൈറ്റുകളില്‍ തന്നെ നല്‍കിയിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കൂപ്പണ്‍ കോഡ് അടിച്ചു കൊടുത്താല്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്തിന്റെ പേരില്‍ അടുത്ത തവണ ഡിസ്‌കൗണ്ട് കിട്ടുന്ന ഓഫറുകളുമുണ്ട്. ഇതും പ്രയോജനപ്പെടുത്തണം. അതേപോലെ ഒരു വെബ് സൈറ്റിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്പിലോ ആദ്യമായി രജസ്റ്റര്‍ ചെയ്ത് ടിക്കറ്റെടുക്കുന്നവര്‍ക്കും ചില്ലപ്പോള്‍ ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് കിട്ടാറുണ്ട്. ഈ ഡിസ്‌കൗണ്ട് നേരത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ബന്ധുക്കളുടെയോ അല്ലെങ്കില്‍ പരിചയത്തിലുള്ളവരുടെയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതുതായി രജിസ്റ്റര്‍ ചെയ്ത അത് വഴി വീണ്ടും ഡിസ്‌കൗണ്ട് നേടാം. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നിരവിധി ട്രാവല്‍ കൂപ്പണുകള്‍ കിട്ടും. ഇതും ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് കിട്ടാനായി ഉപയോഗിക്കാം. ഒരേ കമ്പനിയുടെ വിമാനത്തില്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ചില വിമാനക്കമ്പനികള്‍ ' ഫ്രീക്കന്റ് ഫ്‌ളയര്‍ ' എന്ന ലേബലില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ഇതും പ്രയോജനപ്പെടുത്തണം. ഓഫറുകള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് എന്തെല്ലാം ഓഫറുകള്‍ ഉണ്ടെന്ന് ആദ്യം തന്നെ നോക്കി വെയ്ക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യാം, പണം പിന്നീട് നല്‍കിയാല്‍ മതി
ചില ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ് തുക മൊത്തമായി വാങ്ങാതെ ഇന്‍സ്റ്റാള്‍മെന്റായി വാങ്ങുന്ന സംവിധാനം കൊണ്ടു വന്നിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മുഴുവന്‍ പണവും കൈയ്യിലില്ലാത്തവര്‍ക്ക് Book Ticket Now, Pay later എന്ന ഈ സംവിധാനം വളരെ ഉപകാരപ്രദമാണ്. ഒരു ചെറിയ തുക നല്‍കി ടിക്കറ്റെടുക്കാം ബാക്കി തുക രണ്ടോ മൂന്നോ ഗഡുക്കളായി നല്‍കിയാല്‍ മതി. തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഗഡുക്കള്‍ വേണ്ടവര്‍ക്ക് നിശ്ചിത ശതമാനം പലിശ നല്‍കിയാല്‍ അതും ലഭിക്കും. എന്നാല്‍ ഈ സംവിധാനത്തിന് ഉപഭോക്താവിന്റെ പൂര്‍ണ്ണ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ബാങ്ക് വിവരങ്ങളുമെല്ലാം നല്‍കേണ്ടി വരും. ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് താല്‍ക്കാലിക വായ്പ എന്ന നിലയിലാണ് ഇത് നടപ്പാക്കാറുള്ളത്.
അവധി ദിവസങ്ങള്‍ ഒഴിവാക്കി ടിക്കറ്റ് ബുക്ക് ചെയ്യുക
വെള്ളി മുതല്‍ ഞായര്‍ വരെ അവധി ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് പലപ്പോഴും വളരെ കൂടുതലായിരിക്കും. യാത്രക്കാരുടെ എണ്ണം കൂടുതലാകുന്നതു കൊണ്ടാണിത്. അതേ പോലെ നാട്ടില്‍ ഓണം ഓണം പെരുന്നാള്‍ ക്രിസ്തുമസ് വിഷു തുടങ്ങിയ ആഘോഷ സമയത്തും സ്‌കൂളുകളിലെ വേനലവധി സമയത്തും മറ്റും കഴിയുമെങ്കില്‍ യാത്ര ഒഴിവാക്കുക. ഈ സമയങ്ങളില്‍ യാതൊരു നിയന്തണങ്ങളുമില്ലാതെ ടിക്കറ്റ് നിരക്ക് കുത്തനെ കുതിച്ചുയരും. പരമാവധി ലാഭം ഉണ്ടാക്കാനാണ് വിമാനക്കമ്പനികള്‍ ഈ സമയങ്ങളില്‍ ശ്രമിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
രാത്രി കാലത്ത് യാത്ര ചെയ്യുക
രാത്രി 12 മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയുന്നതായി കാണാറുണ്ട്. യാത്രക്കാരുടെ എണ്ണം ഈ സമയത്ത് കുറവായിരിക്കുന്നതിനാല്‍ ടിക്കറ്റിനുള്ള ഡിമാന്‍ും കുറയും. അതിനാല്‍ പറ്റുമെങ്കില്‍ യാത്രക്കായി ഈ സമയം തെരഞ്ഞെടുക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഈ സമയത്ത് നിരക്ക് കുറയണമെന്നില്ല. അതേ പോലെ നേരട്ടുള്ള വിമാന സര്‍വ്വീസിനേക്കാള്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പ് ഓവര്‍ ഉള്ള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. യാത്രയുടെ സമയം കൂടുമെങ്കിലും ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടെങ്കില്‍ ഇതും പരീക്ഷിക്കാവുന്നതാണ്.