ബഗ്ദാദ്- ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന ഇസ്രായേലിന്റെ ചാരപ്രവര്‍ത്തന കേന്ദ്രം ആക്രമിച്ചതായി ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായും എലൈറ്റ് ഫോഴ്‌സ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകി ഈ മേഖലയിലെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍ ഗാര്‍ഡ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദിന്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്.
കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിന് വടക്ക് കിഴക്ക് യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ വ്യക്തമാക്കി. അതിനൊപ്പം തന്നെ ഇറാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയതായും ഗാര്‍ഡുകള്‍ പറഞ്ഞു.
അതേസമയം മിസൈല്‍ ആക്രമണം യുഎസ് കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. ഇസ്രായേലും പാലസ്തീന്‍ സംഘടനയായ ഹമാസം തമ്മില്‍ ഒക്ടോബര്‍ 7ന് ആരംഭിച്ച പോരാട്ടത്തിന്റെ ഭാഗമായി ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്റെ സഖ്യകക്ഷികളും യുദ്ധരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ ആശങ്കകള്‍ക്കിടയിലാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്.
ഇസ്രായിലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ പിന്തുണച്ചാണ് ഇറാന്‍ രംഗത്തെത്തിയത്. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. തങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി യുഎസ് പറഞ്ഞിരുന്നുവെങ്കിലും കൊല്ലപ്പെട്ട പലസ്തീന്‍ സിവിലിയന്‍മാരുടെ എണ്ണത്തില്‍ ആശങ്ക ഉയര്‍ത്തി അവര്‍ രംഗത്തെത്തിയിരുന്നു.
എര്‍ബിലിലെ ആക്രമണത്തില്‍ കുറഞ്ഞത് നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ ഗുരുതര കുറ്റകൃത്യമെന്നാണ് കുര്‍ദിസ്ഥാന്‍ സര്‍ക്കാരിന്റെ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
കോടീശ്വരനായ കുര്‍ദിഷ് വ്യവസായി പെഷ്‌റോ ദിസായിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്ന് ഇറാഖി സുരക്ഷാ- മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭരണകക്ഷിയായ ബര്‍സാനി വംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദിസായി, കുര്‍ദിസ്ഥാനിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്ന വലിയ ബിസിനസിന്റെ ഉടമ കൂടിയായിരുന്നു.
കൂടാതെ ഒരു റോക്കറ്റ് മുതിര്‍ന്ന കുര്‍ദിഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ വീടിന് മുകളിലും മറ്റൊന്ന് കുര്‍ദിഷ് രഹസ്യാന്വേഷണ കേന്ദ്രത്തിന് മുകളിലുമാണ് പതിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എര്‍ബില്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.