Sorry, you need to enable JavaScript to visit this website.

രജിസ്‌ട്രേഷൻ വകുപ്പിൽ അഴിമതി രഹിത സേവനങ്ങൾ ഉറപ്പാക്കും -മന്ത്രി കടന്നപ്പള്ളി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കോൺഗ്രസ്-എസ് കാസർകോട് ജില്ലാ കമ്മിറ്റി നേതാക്കൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.

കാസർകോട്- ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പ് കാലാനുസൃതമായ മാറ്റത്തിലേക്ക് കുതിക്കുകയാണെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വകുപ്പിൽ അഴിമതി രഹിത സേവനങ്ങൾ ഉറപ്പാക്കും. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രജിസ്‌ട്രേഷൻ വകുപ്പ് ഡിജിറ്റൈസേഷൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ആധാരപ്പകർപ്പുകളുടെ ഡിജിറ്റലൈസേഷനിലൂടെ വകുപ്പിന്റെ സേവനങ്ങൾ നവീകരിച്ച് വേഗത്തിൽ നൽകുന്ന വിപ്ലവകരമായ മാറ്റമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിവർഷം ശരാശരി 10 ലക്ഷം ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്. ഒരു ആധാര രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ശരാശരി 10 പേരെങ്കിലും ഓഫീസിൽ വരുമെന്ന് കണക്കാക്കിയാൽ ഒരു കോടി ആളുകൾ ഇതിനായി സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് സേവനം തേടുന്നുണ്ട്. 
ബാധ്യതാ സർട്ടിഫിക്കറ്റ്, ആധാര പകർപ്പ്, ചിട്ടി രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ, സൊസൈറ്റി രജിസ്‌ട്രേഷൻ, പാർട്ണർഷിപ്പ് ഫേമുകളുടെ രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ ഇതിന് പുറമെയും രജിസ്‌ട്രേഷൻ വകുപ്പ് നൽകി വരുന്നു. ഇത്രയും വിപുലമായ സേവനപ്രദാനം കാര്യക്ഷമമാക്കാനും, കാലതാമസം ഒഴിവാക്കാനും, അഴിമതി വിമുക്തമാക്കാനുമാണ് വകുപ്പിൽ കമ്പ്യൂട്ടർവത്കരണത്തിന് തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.
കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം  നടത്തി.   എം.എൽ.എമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, അഡ്വ. സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ കെ.ഇമ്പശേഖർ എന്നിവർ മുഖ്യാതിഥികളായി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, കാസർകോട് എൻ.ഐ.സി ജില്ലാ ഓഫീസർ കെ.ലീന എന്നിവർ സംസാരിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് സ്വാഗതവും വടക്കൻ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ.സി.മധു നന്ദിയും പറഞ്ഞു.


മന്ത്രിക്ക് സ്വീകരണം 
കാഞ്ഞങ്ങാട്- രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസതു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോൺഗ്രസ്-എസ് കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ടി.വി വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.അനന്തൻ നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.വി ഗോവിന്ദൻ, എച്ച്.ലക്ഷ്മണ ഭട്ട്, പ്രമോദ് കരുവളം, ഇ.കെ.ജനാർദ്ദനൻ, ഇ.നാരായണൻ, കെ.വി പുരുഷോത്തമൻ, രാഘവൻ കൂലേരി, എൻ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Latest News