Sorry, you need to enable JavaScript to visit this website.

BREAKING: യു.എസ് ഉടമസ്ഥതയിലുള്ള കപ്പലില്‍ ഹൂത്തി മിസൈല്‍ പതിച്ചു

ന്യൂയോര്‍ക്ക്- ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് കേട് പറ്റിയതായി യു.എസ് സൈന്യം അറിയിച്ചു

തിങ്കളാഴ്ച മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള, യു.എസ് ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ കപ്പലിലാണ് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കപ്പല്‍ യാത്ര തുടരുകയാണ്.

തെക്കന്‍ യെമനിലെ ഏദന്‍ തീരത്ത് നിന്ന് ചെങ്കടലില്‍ സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

യെമനില്‍ യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന് ശേഷവും ഹൂത്തി നിലപാടില്‍ മാറ്റമില്ലെന്ന് ഹൂത്തി നേതാവ് മുഹമ്മദ് അബ്ദുല്‍സലാം പറഞ്ഞു. ഇസ്രായില്‍ കപ്പലുകളെയും അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോകുന്നവരെയും തടയാനുള്ള ആക്രമണം തുടരും- അബ്ദുള്‍സലാം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ഏദനില്‍ ആക്രമണമുണ്ടായത്.

 

 

 

Latest News