മാലി- മാലദ്വീപും ചൈനയും പരസ്പരം ബഹുമാനിക്കുന്നുവെന്നും ബീജിംഗ് തങ്ങളഉടെ പരമാധികാരത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസു. നവംബറില്‍ അധികാരമേറ്റതിന് ശേഷം ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ഉഭയകക്ഷി ബന്ധം അസ്വസ്ഥമാകുകയും ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്തിരുന്നു.
1972-ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ മാലിദ്വീപിന്റെ വികസനത്തിന് ചൈന സഹായം നല്‍കിയിട്ടുണ്ടെന്നും മുയിസു അഭിപ്രായപ്പെട്ടു. ചൈന അനുകൂല നേതാവായി കണക്കാക്കപ്പെടുന്ന മുയിസു മാലിദ്വീപിനെ ബെയ്ജിംഗുമായി അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി.
മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രാജ്യമല്ല ചൈനയെന്നും അതിനാലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമെന്നും ചൈനീസ് സര്‍ക്കാറിന്റെ സിജിടിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുയിസു വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ ചൈന- മാലദ്വീപ് ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന വിശ്വാസവും പ്രസിഡന്റ് പ്രകടമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പൗരന്മാരുടെ താത്പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ പുതിയ ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെന്നും മുയിസു പറഞ്ഞു.
മാലദ്വീപിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രസിഡന്റ് ഷി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസൃതമായി പുരോഗതി കൈവരിക്കുകയും ചെയ്യുന്നത് തന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസിഡന്റ് മുയിസു പറഞ്ഞു. മറ്റ് വികസിത രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമായി മാലിദ്വീപിനെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.