ന്യൂദൽഹി- അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ശേഷം സുപ്രീം കോടതി ഉത്തരവിലൂടെ നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഹിന്ദു നേതാക്കളായി അറിയപ്പെടുന്ന ശങ്കരാചാര്യൻമാർ പങ്കെടുക്കില്ല. മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിലെ വിയോജിപ്പും ചൂണ്ടിക്കാട്ടിയാണ് നാലു ശങ്കരാചാര്യൻമാരിൽ രണ്ടു പേർ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത്.
ഒഡീഷയിലെ പുരി ഗോവർദ്ധന പീഠത്തിലെയും ഉത്തരാഖണ്ഡിലെ ചമോലിയിലെ ജ്യോതിർ മഠത്തിലെയും ശങ്കരാചാര്യന്മാർ സന്നിധാനത്ത് മോഡിയുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്ങൾ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കർണാടകയിലെ ശൃംഗേരിയിലെ ശാരദാപീഠത്തിലും ഗുജറാത്തിലെ ദ്വാരകയിലെ ശാരദാപീഠത്തിലും ഉള്ളവർ ഇതുവരെ തങ്ങൾ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു ശങ്കരാചാര്യൻമാർ വിട്ടു നിൽക്കുന്നത് ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്. അയോധ്യയിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നീക്കമാണ് എന്ന വ്യക്തമാക്കിയ പ്രതിപക്ഷത്തിന്റെ വാദത്തെ അംഗീകരിക്കുന്നതാണ് ശങ്കരാചാര്യൻമാരുടെ നിലപാട്. ബി.ജെ.പിയെ കൂടുതൽ ആക്രമിക്കാൻ ഇത് പ്രതിപക്ഷത്തിന് ഗുണം ചെയ്യും.
എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യ സ്ഥാപിച്ച നാല് വിഭാഗങ്ങളിലെ നേതാക്കൾക്കാണ് ഹിന്ദുമതത്തിന്റെ അദ്വൈത വേദാന്ത പാരമ്പര്യത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ 'ശങ്കരാചാര്യ' പദവി നൽകുന്നത്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ് ശങ്കരാചാര്യരുള്ളത്. ഓരോന്നും ഓരോ വേദഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതിന്റെ അവസാന പദമായി കണക്കാക്കപ്പെടുന്നു.
പുരി ശങ്കരാചാര്യ, സ്വാമി നിശ്ചലാനന്ദ സരസ്വതി എന്നിവരാണ് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. 'ശ്രീരാമന്റെ പ്രതിഷ്ഠ മാന്യമായ രീതിയിൽ നടത്തണം, പ്രധാനമന്ത്രി ശ്രീകോവിലിൽ ഉണ്ടാകും, വിഗ്രഹത്തിൽ തൊടും. ഇത് തികച്ചും രാഷ്ട്രീയമാണെന്നും പുരി ശങ്കരാചാര്യ വാർത്താ ഏജൻസിയോട് പറഞ്ഞു. വേദഗ്രന്ഥങ്ങളിലെ നിർദ്ദേശം അനുസരിച്ചാണ് പ്രതിഷ്ഠ നടത്തേണ്ടതെന്നും അല്ലാത്ത പക്ഷം തേജസ് കുറയുകയും പൈശാചിക സത്തകൾ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നും സ്വാമി സരസ്വതിയും പറഞ്ഞു. തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അറിയിച്ചു. 'ഞാൻ അസ്വസ്ഥനല്ല... ഞാൻ എന്റെ നിലപാട് സ്വീകരിച്ചു. ഇത് എന്റെ നയവും തത്വവുമാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
രാമക്ഷേത്രം പണിയുന്നത് സനാതന ധർമ്മത്തിനോ ഹിന്ദുമതത്തിനോ ഒരു വിജയവും നൽകുന്നില്ലെന്നും താൻ അയോധ്യയിലേക്ക് പോകുന്നില്ലെന്നും ഉത്തരാഖണ്ഡ് മഠങ്ങളിലെ ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാനന്ദ് വ്യക്തമാക്കി.
അയോധ്യയിൽ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നു. ഈ ക്ഷേത്രം മതത്തിനുള്ള ഒരു സമ്മാനമോ വിജയമോ അല്ല. രാജ്യത്ത് ഗോഹത്യ അവസാനിക്കുമ്പോൾ, ഞാൻ ആവേശത്തോടെ അയോധ്യ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശൃംഗേരി മഠത്തിലെ ശങ്കരാചാര്യ ഭാരതി തീർത്ഥും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ദ്വാരകയിലെ ശാരദാപീഠത്തിലെ ശങ്കരാചാര്യ സദാനന്ദ് സരസ്വതിയും ഇതേവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇവരും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, എല്ലാം ശാസ്ത്രം അനുസരിച്ചാണ് നടക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് പറഞ്ഞു.