ന്യൂഡൽഹി - ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും ഒരു പാർട്ടിയുമായോ മുന്നണിയുമായോ സഖ്യമുണ്ടാക്കില്ലെന്നും ബഹുജൻ സമാജ് വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ എസ് മായാവതി. തന്റെ ജന്മദിനത്തിൽ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.എസ്.പി അധ്യക്ഷ.
തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാവും ഏത് പാർട്ടിയുമായും മുന്നണിയുമായും സഹകരിക്കണമെന്ന് തീരുമാനിക്കുകയെന്നും അവർ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായി ദേശീയതലത്തിൽ രൂപപ്പെട്ട ഇന്ത്യ കൂട്ടായ്മയിൽ മായാവതിയുടെ ബി.എസ്.പി വൈകിയെങ്കിലും ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പാർട്ടിയോടും മുന്നണിയോടും ചേർന്നു നിൽക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. മായാവതിയും പൗരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ആസാദിന്റെ പാർട്ടിയും ഇന്ത്യ മുന്നണിയുടെ കൂട്ടായ്മയുടെ ഭാഗമായാൽ അയോധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രീയവത്ക്കരിച്ച് യു.പിയിൽ നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കങ്ങൾക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പല പ്രതിപക്ഷ പാർട്ടികളും.
എന്നാൽ ഒരു പാർട്ടിയുമായും മുന്നണിയുമായും ചേരാനില്ലെന്നു പറയുമ്പോഴും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ മായാവതി മൃദുസമീപനം സ്വീകരിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്.