കൊച്ചി - കൊച്ചിയില്‍ ഡാര്‍ക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ ഏഴ് പേര്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍, എബിന്‍ ബാബു, ഷാരുന്‍ ഷാജി, കെ. പി അമ്പാടി, സി.ആര്‍ അക്ഷയ്, അനന്തകൃഷ്ണന്‍ , ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജര്‍മനിയില്‍ നിന്നെത്തിയ പാഴ്‌സല്‍ സംബന്ധിച്ച അന്വേഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. അന്വേഷണത്തില്‍ പാഴ്‌സല്‍ വഴി എത്തിയത് 10 എല്‍ എസ് ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തി. കൊച്ചിയിലെ ആറിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 326 എല്‍ എസ് ഡി സ്റ്റാമ്പുകളും എട്ട് ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എന്‍ സി ബി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.