ബ്രസീലിയ- നിധിയുണ്ടെന്ന വിശ്വാസത്തില്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍ കുഴിച്ച 130 അടി ആഴത്തിലുള്ള ഭീമന്‍ കുഴിയില്‍ വീണ് 71കാരന് ദാരുണാന്ത്യം. ബ്രസീലിലെ മിനാസ് ജെറൈസ് സ്‌റ്റേറ്റിലായിരുന്നു സംഭവം.
ജോവോ പിമെന്റ എന്ന വൃദ്ധനാണ് ദാരുണാന്ത്യം. സ്വപ്നത്തില്‍ ഒരു ആത്മാവാണത്രേ അടുക്കളയ്ക്ക് താഴെ സ്വര്‍ണമുണ്ടെന്ന കാര്യം ജോവോയോട് പറഞ്ഞത്. ഇതു വിശ്വസിച്ച് ഇയാള്‍ ഇവിടെ ഖനന പ്രവൃത്തികള്‍ നടത്തിവരികയായിരുന്നു. കുഴിയിലേക്ക് ഇറങ്ങുന്നതിനിടെ ജോവോ ബാലന്‍സ് തെറ്റി വീണെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് കുഴിയെടുക്കാന്‍ തുടങ്ങിയത്. ജോവോയെ ശ്രത്തില്‍ നിന്ന് പിന്തിരപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി അയല്‍ക്കാരില്‍ ഒരാളായ അര്‍ണാള്‍ഡോ ഡ സില്‍വ പറഞ്ഞു. അയല്‍ക്കാര്‍ ഉപദേശിച്ചെങ്കിലും സ്വര്‍ണം ലഭിക്കുമെന്ന് ജോവോ അടിയുറച്ചു വിശ്വസിച്ചിരുന്നെന്നും ആരെയും വകവച്ചിരുന്നില്ലെന്നും അര്‍ണാള്‍ഡോ പറയുന്നു.
ആഴത്തില്‍ കുഴിയെടുക്കാന്‍ ജോവോ പണം നല്‍കി പണിക്കാരെയും നിയമിച്ചിരുന്നു. കുഴിയുടെ ആഴം കൂടുന്നതിനനുസരിച്ച് അദ്ദേഹം കൂലിയുടെ നിരക്കും വര്‍ദ്ധിപ്പിച്ചു. കുഴിയിലെ ഖനനം 130 അടിയിലെത്തിയപ്പോള്‍ തടസമായി കണ്ടെത്തിയ ഒരു വലിയ പാറ പൊട്ടിക്കാന്‍ ഡൈനാമൈറ്റ് അടക്കം പ്രയോഗിക്കുന്നതിനെ പറ്റിയുള്ള ആലോചനയിലായിരുന്നു ജോവോ.
ഒരു തൊഴിലാളിക്ക് ഒരു ദിവസം 70 ബ്രസീലിയന്‍ റിയാലാണ് ജോവോ ആദ്യം കൂലി നല്‍കിയിരുന്നത്. എന്നാല്‍ കുഴിയുടെ ആഴം കൂടുന്തോറും കൂലിയും ഉയര്‍ത്തി. കുഴിയില്‍ പ്രവേശിച്ച് മണ്ണ് നീക്കം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് അദ്ദേഹം 495 ബ്രസീലിയന്‍ റിയാല്‍ നല്‍കി.
ജനുവരി 5 നായിരുന്നു ജോവോ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 12 നില കെട്ടിടത്തോളം ഉയരമുള്ള കുഴിയിലേക്ക് പതിച്ച അദ്ദേഹത്തെ ഗുരുതര പരിക്കേറ്റ് ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ജോലികള്‍ക്കിടെ കുഴിയുടെ മുകള്‍ഭാഗത്തുള്ള ഒരു തടി പ്ലാറ്റ്ഫോമില്‍ നിന്ന് തെന്നി താഴേക്ക് വീണ ജോവോയെ കൂടെയുണ്ടായിരുന്ന ജോലിക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.