ഗാസ- ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയവരിൽ പലരും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അവരുടെ വിധിക്ക് ഇസ്രായിലാണ് ഉത്തരവാദിയെന്നും ഹമാസ് വ്യക്തമാക്കി. തടവിലുള്ള പലർക്കും അടുത്ത ആഴ്ച എന്ത് സംഭവിക്കുമെന്ന കാര്യം അജ്ഞാതമാണെന്നും അബു ഉബൈദ പറഞ്ഞു. ഇസ്രായിൽ ആക്രമണം കാരണം പലരും തുരങ്കത്തിലാണെന്നും ഹമാസ് നേതാവ് അബു ഉബൈദ പറഞ്ഞു. ബന്ദികളിൽ പലരും അടുത്തിടെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരുടെ ജീവൻ ഓരോ മണിക്കൂർ പിന്നിടുമ്പോഴും അപകടത്തിലാണ്. ഇസ്രായിൽ ഭരണകൂടമാണ് ഇതിന് ഉത്തരവാദികൾ.
വരും ദിവസങ്ങളിൽ ഇസ്രായിൽ സൈന്യത്തിന് നേരെയുള്ള ആക്രമണത്തിന്റെ ശക്തി കൂട്ടുമെന്നും അബു ഉബൈദ പറഞ്ഞു. നൂറു ദിവസത്തെ ആക്രമണത്തിന് ശേഷവും ഹമാസിനെ ഒന്നും ചെയ്യാൻ ഇസ്രായിലിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസ മുനമ്പിലെ പള്ളികൾ തകർത്ത് ഇസ്രായിൽ സൈന്യം 'മതയുദ്ധം' ആരംഭിച്ചതായും 100 ദിവസത്തിനുള്ളിൽ ഗാസ മുനമ്പിലെ മിക്ക പള്ളികളും അവർ തകർത്തുവെന്നും അബു ഉബൈദ പറഞ്ഞു.