മുംബൈ- കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് അംഗം മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ അംഗത്വമെടുത്തു. കാവി പതാക സമ്മാനിച്ച് ഏകനാഥ് ഷിന്‍ഡെ ദേവ്റയെ ശിവസേനയിലേക്ക് സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മിലിന്ദ് ദേവ്റ ഞായറാഴ്ച രാവിലെയാണ് രാജിവെച്ചത്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സൗത്ത് മുംബൈയില്‍ നിന്നുള്ള മുന്‍ എം. പിയുമാണ് മിലിന്ദ് ദേവ്‌റ.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വര്‍ഷങ്ങളായി അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും കാര്യകര്‍ത്താക്കളോടും താന്‍ നന്ദിയുള്ളവനാണെന്നും എക്‌സിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നു. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.
കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47കാരനായ മിലിന്ദ് ദേവ്റ. ദക്ഷിണ മുംബൈയില്‍നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്റ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി. ജെ. പിയോടൊപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്. സാവന്ത് ഇപ്പോള്‍ ഉദ്ധവ് താക്കറെ പക്ഷത്താണ്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ശിവസേനയും (യുബിടി) നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ മിലിന്ദ് ദേവ്റയ്ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.