കോഴിക്കോട്- രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം ഭജന ചൊല്ലി കഴിയണമെന്ന ഗായിക ചിത്രയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഗായകൻ സമീർ ബിൻസി. സ്‌നേഹവും ആദരവും ഇല്ലാതാകുന്ന ചെയ്തിക്കെതിരെ
സ്‌നേഹവും ആദരവും നിലനിർത്തിക്കൊണ്ട് വിയോജിക്കുന്നു എന്ന നിരപേക്ഷപ്രസ്താവനക്ക് തൽക്കാലം സൗകര്യമില്ലെന്നും സമീർ ബിൻസി ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. വംശ വിദ്വേഷത്തിന്റെയും വംശീയോന്മൂലനത്തിന്റെയും ചെയ്തികൾക്കു മേൽ ഉണ്ടാക്കിയ ഒന്നിനുമേലെയും സ്‌നേഹാദരവുകൾക്ക് സ്ഥാനമില്ല. മറിച്ച് സ്‌നേഹാദരവുകളുടെ മനുഷ്യഹൃദയം ഇവർക്ക് നഷ്ടമായിരിക്കുന്നു എന്ന സഹതാപമാണ് ഉള്ളത്.
അജ്ഞതയായാലും, അപരവിദ്വേഷം പുറത്തുവന്നതായാലും ഇത്തരം പരാമർശങ്ങളിൽ കലാലോകത്തുള്ള പല നിശബ്ദതകളും ഈയുള്ളവനെ ഭീതിപ്പെടുത്തുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. (അത്ഭുതപ്പെടുത്തുന്നില്ല).
സ്‌നേഹ ഗായകർ ഇത്തരം പ്രസ്താവനകൾ നടത്താമോ തുടങ്ങിയ കാല്പനിക ഉപദേശങ്ങൾ എനിക്കു നേരെ വന്നേക്കാം. എന്നാൽ ഇപ്പോൾ ഇതു പറയാതെ നിശബ്ദം ആയിരിക്കുക എന്നത് അന്ന് ഒരു കർസേവകൻ ആകുന്നതിനു തുല്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇത് പറഞ്ഞതിന്റെ പേരിൽ കലാമേഖലയിൽ ഉണ്ടാകുന്ന ഒരു നഷ്ടത്തെയും പ്രണയപ്പൊരുൾ ആയ റബ്ബിന്റെ അനുഗ്രഹത്താൽ ഞാൻ കാര്യമാക്കുന്നേയില്ല. 'അപ്‌നെ മൻ കി മേ ജാനൂ ഓർ പീ കെ മൻ കി രാം' എന്ന മീരാ ഭജൻ, ഫത്തേഹ് അലി ഖാൻ പാടിയത് പാടുന്നവനാണ് ഞാൻ.
ഒരു പേടിയുമില്ല. ഇത്രകാലം ഭൂമിയിൽ പാടി കൊള്ളാമെന്നോ ജീവിച്ചു കൊള്ളാം എന്നോ ആർക്കും വാക്കും കൊടുത്തിട്ടില്ലെന്നും സമീർ ബിൻസി പറഞ്ഞു.