ന്യൂദല്‍ഹി- ഇന്ത്യയില്‍ ഐ. ടി, ബാങ്കിംഗ് മേഖലയില്‍ ലൈംഗിക പീഡന കേസുകളില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്ത സാമ്പത്തിക ധനകാര്യസ്ഥാപനങ്ങളിലെ ലൈംഗിക പീഡന കേസുകളില്‍ ഭൂരിഭാഗവും 11 ഐ. ടി, ബാങ്കിംഗ് മേഖലയിലാണ് നടന്നത്.
ഓഹരി സൂചിക സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡന കേസുകളില്‍ 83 ശതമാനവും 11 ഐ. ടി, ബാങ്കിംഗ് കമ്പനികളിലാണ് സംഭവിച്ചത്. കോവിഡിന് മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെന്‍സെക്സ് കമ്പനികളില്‍ ഇത്തരം കേസുകള്‍ വര്‍ധിച്ചുവെന്നാണ് കാണുന്നത്.
2020 സാമ്പത്തിക വര്‍ഷത്തില്‍ 627 ലൈംഗിക പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2023ല്‍ 711 ആയാണ് വര്‍ധിച്ചത്. 2021, 2022 വര്‍ഷങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട സമയമായതിനാല്‍ 398, 476 കണക്കില്‍ കുറവു രേഖപ്പെടുത്തിയിരുന്നു.
ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനകം 69 ലൈംഗിക പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 27 എണ്ണത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ പുറത്താക്കി. കേസുകളില്‍ സ്വീകരിച്ച നടപടി വെളിപ്പെടുത്തിയ എയര്‍ടെല്‍ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തരാവുകയും ചെയ്തു.
ലൈംഗിക പീഡന ആരോപണം ഉന്നയിക്കാന്‍ സൂം കോളില്‍ ലൈംഗിക ചുവയുള്ള ഒരു പരാമര്‍ശമോ സന്ദേശമോ മാത്രം മതിയാകുമെന്നാണ് ഇക്കണോമിക് ലോസ് പ്രാക്ടീസിലെ അഭിഭാഷക മുംതാസ് ഭല്ല പറയുന്നത്. 2013ലെ ജോലിസ്ഥലത്തെ സ്ത്രീകളുടെ ലൈംഗികാതിക്രമ (തടയല്‍, നിരോധനം, പരിഹാരം) നിയമത്തിന്റെ പരിധിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.