Sorry, you need to enable JavaScript to visit this website.

തൈപ്പൊങ്കല്‍: കെ.എസ്.ഇ.ബി ഓഫീസുകള്‍ക്കും നാളെ അവധി, തിരക്ക് കുറക്കാന്‍ പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം- തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് നാളെ അവധി അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാവുന്നതാണ്.

തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധിയാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്. അതിനായുള്ള റിസര്‍വേഷന്‍ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുര്‍ കൊച്ചുവേളി ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചുവേളിയില്‍ എത്തും. 06236 കൊച്ചുവേളിയശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്‌പെഷല്‍ 14ന് രാത്രി 10 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് 15 ന് വൈകുന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.

 

Latest News