Sorry, you need to enable JavaScript to visit this website.

യു. എസ് പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി സ്ഥാനമൊഴിയുന്നു

വാഷിംഗ്ടണ്‍- യു. എസില്‍ ബൈഡന്‍ ഭരണകൂടത്തിലെ പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി സ്ഥാനമൊഴിഞ്ഞേക്കും. കെറിയുടെ ഒഴിവില്‍ ആരായിരിക്കും ചുമതല വഹിക്കുക എന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും വന്നിട്ടില്ല. 

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പ്രസിഡന്റിന്റെ ഉന്നത നയതന്ത്രജ്ഞനായി 2021 മുതലാണ് കെറി സേവനം അനുഷ്ഠിക്കുന്നത്. ഭൂമിയില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുന്നതിന് ലോകത്തിലെ സര്‍ക്കാരുകളെ  പ്രേരിപ്പിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു വരികയാണ്. 

ട്രംപ് ഭരണകാലത്ത് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യു. എസ് പിന്മാറിയിരുന്നെങ്കിലും ബൈഡന്‍ അധികാരമേറ്റതോടെ കാലാവസ്ഥാ ഉടമ്പടിയുടെ നേതൃസ്ഥാനത്തേക്ക് അമേരിക്കന്‍ നേതൃത്വത്തെ പുനഃസ്ഥാപിക്കാനും മൂന്ന് ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടികളില്‍ യു. എസ് ചര്‍ച്ചാ സംഘത്തെ നയിക്കാനും അദ്ദേഹത്തിനായി. അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണത്തിന് കെറി നേതൃത്വം നല്‍കി.

രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിക്കാന്‍  ബൈഡനുമായി വൈറ്റ് ഹൗസില്‍ കെറി കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്റെ ഓഫീസില്‍ യോഗം വിളിച്ചുചേര്‍ത്ത് ഉദ്യോഗസ്ഥരുമായി രാജിക്കാര്യം ചര്‍ച്ച ചെയ്തതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡന്റെ പ്രചാരണ സംഘത്തില്‍ കെറി പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Latest News