Sorry, you need to enable JavaScript to visit this website.

നാട്ടാനകളുടെ എണ്ണം കുറയുന്നു, ആനപ്പൂരം ഇനിയെത്ര കാലം?

പാലക്കാട്- നാട്ടാനകളുടെ എണ്ണം ഗണ്യമായി കുറയുന്നു, സംസ്ഥാനത്ത് ആനപ്പൂരങ്ങള്‍ പ്രതിസന്ധിയില്‍. ഏറ്റവും കൂടുതല്‍ ആനപ്പൂരങ്ങള്‍ നടക്കുന്ന ജില്ലകളിലൊന്നായ പാലക്കാട്ട് നിലവില്‍ 22 ആനകളേയുള്ളൂ. മൂവായിരത്തിലധികം ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് ആനകളെ എത്തിച്ചാണ് പരിപാടികള്‍ മുടക്കമില്ലാതെ കൊണ്ടുപോകുന്നത്. ആ ജില്ലകളിലും നാട്ടാനകളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 390 നാട്ടാനകളേ ഉള്ളൂ. അതില്‍ 76 എണ്ണം പിടിയാനകളായതിനാല്‍ എഴുന്നള്ളിക്കാനാവില്ല. ഓരോ സീസണിലും ശരാശരി ഇരുപത്തിയഞ്ചിലധികം ആനകള്‍ക്ക് മദപ്പാടു മൂലം എഴുന്നള്ളിപ്പില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വരാറുണ്ട്. ശേഷിച്ച ആനകളെ വെച്ചു വേണം സംസ്ഥാനത്തെ ഉത്സവങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍. സംസ്ഥാനത്ത് പതിനായിരത്തോളം ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ട്.
ആനകളെ, വളര്‍ത്തുന്നതിന് വേണ്ടി പിടിക്കുന്നത് നിരോധിച്ചതും പ്രായമായ ആനകള്‍ ചെരിയുന്നതുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. പത്തു കൊല്ലം മുമ്പ് പാലക്കാട് ജില്ലയില്‍ 52 നാട്ടാനകളാണ് ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 22 ആയി ചുരുങ്ങിയിരിക്കുന്നത്. മറ്റു ജില്ലകളിലും സമാനമാണ് അവസ്ഥ. 2023ല്‍ സംസ്ഥാനത്ത് 18 നാട്ടാനകള്‍ ചെരിഞ്ഞു. ഇപ്പോഴും എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്ന പല ആനകള്‍ക്കും പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുണ്ട്. എന്നാല്‍ അതു കണക്കിലെടുക്കാതെ അവയ്ക്ക് ഉല്‍സവപ്പറമ്പുകളില്‍ നിന്ന് ഉത്സവപ്പറുമ്പുകളിലേക്ക് പോകേണ്ടി വരുന്നു. എഴുന്നള്ളിപ്പിനയക്കുന്ന ആനകള്‍ക്ക് കൃത്യമായ വിശ്രമവും ചികില്‍സയും നല്‍കി പരിപാലിക്കണണമെന്നാണ് ചട്ടം. അത് പാലിക്കാനാവാത്ത സാഹചര്യമാണ്. ആനകളുടെ എണ്ണം കുറവായതിനാല്‍ എല്ലായിടത്തേക്കും അവയെ അയക്കേണ്ടി വരുന്നു. ഏക്കത്തുക കൂടുതല്‍ നല്‍കുന്നതിനാല്‍ പല ഉടമകള്‍ക്കും പരാതിയില്ല. കര്‍ക്കിടകമാസത്തില്‍ ചികില്‍സയുടെ ഭാഗമായി വിശ്രമം നല്‍കുന്നതൊഴിച്ചാല്‍ പല ആനകളും തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ നിര്‍ബ്ബന്ധിതമാവുകയാണ്.
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ആനകളെ കൊണ്ടുപോകുന്നതിനും കൃത്യമായ നിബന്ധനകളുണ്ട്. ടാറിട്ട റോഡിലൂടെ നടത്തിക്കൊണ്ടു പോകരുത് എന്നാണ് നിയമം. ആനകളുടെ യാത്രക്ക് ലോറികള്‍ ഉപയോഗിക്കണം. പകല്‍ സമയത്ത് എഴുന്നള്ളിപ്പ് പാടില്ല. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനകളുടെ കാല്‍പ്പാദത്തില്‍ ഇടക്കിടെ വെള്ളമൊഴിച്ചു കൊടുക്കണം. ഇത്തരം നിബന്ധനകളൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ആനകള്‍ ഏറ്റവും കൂടുതല്‍ ചെരിയുന്നത് പാദസംബന്ധമായ രോഗങ്ങള്‍ മൂലമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനകം പാലക്കാട് ജില്ലയില്‍ ചെരിഞ്ഞ 29 ആനകളില്‍ 24നും കാലില്‍ അസുഖമുണ്ടായിരുന്നു.
ആനപ്പൂരത്തിനു പകരം മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിക്കണമെന്ന ചര്‍ച്ചകളും ഉയര്‍ന്നു വരുന്നുണ്ട്. വള്ളുവനാട്ടില്‍ പല ഉത്സവങ്ങളിലും കാളവേലയും കുതിരവേലയുമാണ്. വൈക്കോല്‍ കൊണ്ട് കെട്ടിയുണ്ടാക്കുന്ന കോലങ്ങളാണ് അതിനുപയോഗിക്കുന്നത്. സമാനമായ എന്തെങ്കിലും രീതികള്‍ ആനപ്പൂരത്തിന് പകരം കൊണ്ടുവരണമെന്നതാണ് നിര്‍ദ്ദേശം. എന്നാല്‍ പൂരക്കമ്പക്കാര്‍ അതംഗീകരിക്കാനിടയില്ല. ആനയില്ലാത്ത തൃശൂര്‍ പൂരത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ?  

 

Latest News