ചെറു നഗരങ്ങളിലേക്ക് കൊച്ചിയില്‍നിന്ന് വിമാന സര്‍വീസ്, പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് സിയാല്‍

നെടുമ്പാശ്ശേരി - ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതും വിനോദ സഞ്ചാരത്തിന് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കുമുള്ള വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രയത്‌നങ്ങള്‍ക്ക് ബലം പകര്‍ന്ന്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു.
കൊച്ചിയില്‍നിന്ന്  കണ്ണൂര്‍, മൈസൂര്‍, തിരുച്ചി എന്നിവിടങ്ങളിലേക്ക്  അലയന്‍സ് എയറാണ് ജനുവരി അവസാനത്തോടെ സര്‍വീസുകള്‍ തുടങ്ങുക. ഇതിനായി അലയന്‍സ് എയറിന്റെ എ.ടി.ആര്‍ വിമാനത്തിന് രാത്രി പാര്‍ക്കിംഗിനുള്ള സൗകര്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.  ഈ മേഖലയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് ഇത് കരുത്ത് പകരും.
കൊച്ചിയില്‍നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂര്‍ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സര്‍വീസുകള്‍ തുടങ്ങുന്നത്.  നിലവില്‍ അലയന്‍സ് എയര്‍ കൊച്ചിയില്‍ നിന്ന് അഗത്തി, സേലം, ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍  സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ  പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം  യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും നല്കാന്‍ സാധിക്കും.
പ്രാദേശിക വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയും ഡയറക്ടര്‍ബോര്‍ഡും കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുകയാണ് അതില്‍ പ്രധാനം. യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും - സുഹാസ് പറഞ്ഞു. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രാദേശിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയന്‍സ് എയര്‍ സര്‍വീസ് തുടങ്ങുന്നത്.
2023ല്‍ മാത്രം ഒരു കോടിയിലേറെ യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയില്‍ സിയാല്‍ റിക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്ചയില്‍ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേക്ക്  സര്‍വീസുകള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നടത്തുന്നുണ്ട്. ഭാവിയിലെ ട്രാഫിക് വളര്‍ച്ച മുന്നില്‍ കണ്ട്, രാജ്യാന്തര ടെര്‍മിനല്‍ വികസനം ഉള്‍പ്പെടെ ഏഴ് മെഗ പദ്ധതികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.

 

Latest News