ന്യൂദൽഹി- ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽനിന്ന് മാർച്ച് 15-നകം പൂർണമായും പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യക്ക് അന്ത്യശാസനം നൽകി. ചൈനയിലേക്കുള്ള തന്റെ ആദ്യ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യൻ സൈനികർക്ക് മാർച്ച് 15ന് ശേഷം മാലിദ്വീപിൽ തങ്ങാൻ കഴിയില്ലെന്ന് പ്രസിഡന്റ് ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞു. ഇത് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെയും ഭരണകൂടത്തിന്റെയും നയമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്.
തന്റെ രാജ്യത്ത് ഇനി വിദേശ സൈനികരുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കലാണ് നയമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ ഔട്ട് ക്യാംപയിനിലൂടെയാണ് മുഹമ്മദ് മുയിസു മാലദ്വീപിൽ അധികാരത്തിലെത്തിയത്. ചൈനയുമായി അടുത്ത ബന്ധമാണ് ഇദ്ദേഹം പുലർത്തുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഇന്ത്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുക എന്നത് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.