ബറേലി- ഉത്തര്‍പ്രദേശില്‍ പശു കശാപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പശു സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും. വെള്ളിയാഴ്ച രാത്രി ബറേലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ പശുക്കടത്തുകാരെന്ന് കരുതുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലാ നേതാവിന്റെ പങ്ക് പുറത്തുവന്നത്.
ഗൗരക്ഷ കര്‍ണി സേനയുടെ പ്രസിഡന്റ് രാഹുല്‍ സിംഗ് തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്. രാഹുല്‍ സിംഗിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഭോജിപുരയിലെ ദേവരണിയ നദിക്ക് സമീപം രാഹുല്‍ സിംഗ് മറ്റ് നാല് പേര്‍ക്കൊപ്പം പശുക്കളെ കശാപ്പ് ചെയ്യുകയായിരുന്നുവെന്നും തുടര്‍ന്ന് പ്രദേശം പോലീസ് വളഞ്ഞുവെന്നും സര്‍ക്കിള്‍ ഓഫീസര്‍ ഹര്‍ഷ് മോഡി പറഞ്ഞു. കീഴടങ്ങാന്‍ വിസമ്മതിച്ച പ്രതികള്‍ പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സിംഗും മറ്റൊരാളും ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരില്‍നിന്ന് പശു കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ടെമ്പോയും പിടിച്ചെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സിംഗ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശനിയാഴ്ച ഭോജിപുര പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് സൂപ്രണ്ട് (റൂറല്‍) മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
ഈ വാർത്തകൾ കൂടി വായിക്കുക
അയോധ്യയില്‍ എത്തുന്ന അതിഥികള്‍ക്ക് മണ്ണ് പെട്ടിയിലാക്കി സമ്മാനിക്കും; വീടുകളിൽ ഉണ്ടാകുന്നത് ഭാഗ്യം
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി
ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം