ഇടുക്കി- വേനലിന് തുടക്കമിട്ട് അന്തരീക്ഷം തെളിഞ്ഞതോടെ മറയൂരിൽ കാട്ടുപൂവരശുകൾ പൂവണിഞ്ഞു.പതിവായി മാർച്ച് മാസങ്ങളിൽ പൂവിടാറുള്ള കാട്ടുപൂവരശുകളാണ് ജനുവരി പകുതിയിൽ തന്നെ പൂവണിഞ്ഞിരിക്കുന്നത്. രണ്ട് മാസത്തിൽ അധികം നീണ്ടു നിന്ന മൂടൽ മഞ്ഞിനും മഴക്കും ശേഷം മാനം തെളിഞ്ഞപ്പോഴാണ് മല മുകളിലെ പുൽമേടുകളെ ചുവപ്പിക്കാൻ പൂവരശ് പൂത്തത്.
അകലെ നിന്നുള്ള കാഴ്ചയിൽ റോസായി തോന്നിപ്പിക്കുന്ന കടും ചുവപ്പ് കളറിലുള്ള കാട്ട് പൂവരശ് ആലാഞ്ചി എന്ന പേരിലും അറിയപ്പെടുന്നു. റോഡോഡെൻഡ്രോൻ അർബോറിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിന് ബുറാഷ് എന്നും പേരുണ്ട്. ഗ്രീക്ക് പദത്തിൽ നിന്നാണ് റോഡോഡെൻഡ്രോൻ എന്ന പേര് ഉടലെടുത്തിരിക്കുന്നത്. റോഡ് എന്നാൽ റോസ് എന്നും ഡെൻഡ്രോൻ എന്നാൽ ട്രീ എന്നുമാണ് അർഥം. ഇത് നമ്മുടെ അയൽ രാജ്യമായ നേപ്പാളിന്റെ ദേശീയ പുഷ്പം കൂടിയാണ്.
സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലുള്ള മറയൂർ മലകളിൽ ഇവ പൂത്ത് നിൽക്കുന്നത് മനോഹര കാഴ്ചയാണ്. പ്രധാന ടൂറിസം കേന്ദ്രമായ ഇരവികുളം നാഷണൽ പാർക്ക്, കാന്തല്ലൂർ മന്നവൻ ചോല, എട്ടാം മൈൽ, സൈലന്റ് വാലി എന്നിവിടങ്ങളിലെല്ലാം പൂവരശ് പുഞ്ചിരിച്ചു നിൽക്കുന്നു. 10 മീറ്റർ ഉയരം വെക്കുന്ന കാട്ടുപൂവരശ് മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമെ കാണാൻ സാധിക്കൂ.
ഹിമാചൽ, നാഗാലാന്റ് സംസ്ഥാനങ്ങളുടെ സംസ്ഥാന പുഷ്പവും കാട്ട് പൂവരശ് പൂവാണ്. പൂവരശ് മരം ഉത്തരാഖണ്ഡിന്റെ സംസ്ഥാന വ്യക്ഷവുമാണ്. ഉത്തരാഖണ്ഡിൽ കാട്ട് പൂവരശ് പൂവിന് ബുറാഷ് എന്നാണ് പറയുന്നത്. അവിടെ പുരാതനകാലം മുതലേ അതിഥി സൽക്കാരത്തിലെ പ്രധാനിയാണ് ബുറാഷ് ജ്യൂസ്. ഹൃദ്രോഗം ചെറുക്കുവാൻ കാട്ടുപൂവരശ് സത്തിന് കഴിയുമെന്ന പറയപ്പെടുന്നു.