ന്യൂദല്‍ഹി- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാജ്യത്ത് വലിയ സംഭവമാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും ദിവസങ്ങളായി ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അവസരം മുതലെടുത്ത് പരമാവധി വരുമാനമുണ്ടാക്കാനുള്ള പദ്ധതിയാണ് വിമാനക്കമ്പനികളും ഹോട്ടലുകളും തയാറാക്കുന്നത്. ബി.ജെ.പിയുടെ പ്രചണ്ഡ പ്രചാരണത്തില്‍ കുടുങ്ങി അയോധ്യയിലേക്ക് യാത്രയാകുന്നവരുടെ കീശ കാലിയാകും.
പ്രതിഷ്ഠക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാന നിരക്കും ഹോട്ടല്‍ താമസ നിരക്കും കുതിച്ചുയര്‍ന്നു. എസ്.ഒ.ടി.സി, തോമസ് കുക്ക്, ഈസ് മൈട്രിപ് തുടങ്ങിയ ട്രാവല്‍ പോര്‍ട്ടലുകളില്‍നിന്നുള്ള ഡാറ്റ കാണിക്കുന്നത്, ചടങ്ങില്‍ പങ്കെടുക്കാനും രാം ലല്ലയുടെ അനുഗ്രഹം തേടാനും ആളുകള്‍ ലക്ഷങ്ങള്‍ നല്‍കേണ്ടിവരുമെന്നാണ്.
ജനുവരി 22 ന് 'പ്രാണപ്രതിഷ്ഠ' ചടങ്ങ് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍, നിരവധി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം 6,000-7,000 പേര്‍ക്ക് പ്രത്യേക ക്ഷണങ്ങള്‍ അയച്ചതായാണ്‌റിപ്പോര്‍ട്ട്.
ഏകദേശം 20,000 മുതല്‍ 30,000 രൂപ വരെയാണ് അയോധ്യയിലേക്ക് ഇപ്പോള്‍ വിമാന നിരക്ക്. ഗ്ലോബല്‍ ബിസിനസ് ട്രാവല്‍, തോമസ് കുക്ക് (ഇന്ത്യ), എസ്ഒടിസി ട്രാവല്‍ എന്നിവയുടെ പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ഇന്‍ഡിവര്‍ റസ്‌തോഗി പറയുന്നത് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തോടെ, അയോധ്യയിലേക്കുള്ള ഡിമാന്റ് 400% കൂടിയെന്നാണ്. 'ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത്, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഹബ്ബുകളില്‍നിന്ന് അയോധ്യയിലേക്കുള്ള വിമാന നിരക്ക് ഏകദേശം 20,000 മുതല്‍ 30,000 വരെയാണ്.
ലഖ്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, ഗോരഖ്പൂര്‍ എന്നീ ഹബ്ബുകളിലേക്കുള്ള ശരാശരി റിട്ടേണ്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി 22ന് അയോധ്യയിലേക്കുള്ള ഡയറക്ട് റിട്ടേണ്‍ നിരക്കുകള്‍ 30-70% കൂടുതലാണെന്നും രസ്‌തോഗി കൂട്ടിച്ചേര്‍ക്കുന്നു.
'തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ ഒരു രാത്രിക്ക് 70,000 രൂപ വരെയുണ്ട് നിരക്ക്. അയോധ്യയിലെ സമര്‍പ്പണ ചടങ്ങില്‍ 7,000 ത്തോളം അതിഥികളെത്തും. ഉദ്ഘാടനത്തിന് ശേഷം പ്രതിദിനം മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കാര്യമായ സാമ്പത്തിക അവസരങ്ങള്‍ അവതരിപ്പിക്കുന്നു- ഈസ് മൈട്രിപ് പറഞ്ഞു.
'ഉദ്ഘാടനത്തിനു മുന്നോടിയായി, അയോധ്യയിലെ ഹോട്ടലുകള്‍ പൂര്‍ണമായി ബുക്ക് ചെയ്തിരിക്കുന്നു. ഒക്യുപന്‍സി നിരക്ക് 80% ല്‍ നിന്ന് 100% ആയി ഉയര്‍ന്നു, അതിന്റെ ഫലമായി ഗണ്യമായി വിലവര്‍ദ്ധനവ് ഉണ്ടായി, തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ ഒരു രാത്രിക്ക് 70,000 വരെ നിരക്ക് എത്തി.
പരിമിതമായ ഹോട്ടല്‍ സൗകര്യം കണക്കിലെടുത്ത്, ഉപഭോക്താക്കള്‍ അയോധ്യയിലേക്കുള്ള പകല്‍ യാത്ര താല്‍പര്യപ്പെടുന്നതായും ലഖ്‌നൗവിലും പ്രയാഗ്‌രാജിലും താമസസൗകര്യം ബുക്ക് ചെയ്യുന്നുണ്ടെന്നും റസ്‌തോഗി പറഞ്ഞു.