ന്യൂദല്‍ഹി- ബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ ഏകപക്ഷീയമായി തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ച 20,000 ഓളം സീറ്റുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. 20,178 തദ്ദേശ സീറ്റുകളാണ് മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരമില്ലാതെ ഏകപക്ഷീയമായി ജയിച്ചുകയറിയത്. 58,692 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതു ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലിന്റെ ആക്രമണ തന്ത്രം മൂലമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എതിര്‍ കക്ഷികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തി തടഞ്ഞുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ഈ ആരോപണത്തിന്‍രെ ഗൗരവം കണക്കിലെടുത്ത് മത്സരിക്കുന്നതില്‍ നിന്നും തടയപ്പെട്ട വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് നിയപരമായ പരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി. ഏകപക്ഷീയമായി തൃണമൂല്‍ ജയിച്ച സീറ്റുകളിലെ വിജയ പ്രഖ്യാപനം നടത്താനും കോടതി കമ്മീഷനു അനുമതി നല്‍കി.
വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടെന്ന കോടതി ഉത്തരവ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ കക്ഷികളാണ് തൃണമൂലിനെതിരെ പരാതി നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ ഗുണ്ടകള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.