Sorry, you need to enable JavaScript to visit this website.

ഇന്ത്യ സഖ്യത്തിന്റെ നേതാവാകാന്‍ നിതീഷ് വിമുഖത കാട്ടിയത് എന്തുകൊണ്ട്...

ന്യൂദല്‍ഹി - കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി നിയമിച്ചു. സഖ്യകക്ഷി ചര്‍ച്ചകളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്‍വീനറായി നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി നിതീഷ് വാഗ്ദാനം നിരസിച്ചതായാണ് സൂചന. ശനിയാഴ്ച നടന്ന ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളുടെ വെര്‍ച്വല്‍ മീറ്റിംഗിലാണ് തീരുമാനം.
   
എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ ഈ വാഗ്ദാനം നിരസിച്ചത്?

കണ്‍വീനറെ നിയമിക്കുന്നതില്‍ ഇന്ത്യ ബ്ലോക്ക് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മുഖം എടുത്തു കാണിക്കേണ്ട ആവശ്യമില്ലെന്ന് നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചതായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

നിതീഷ് കുമാറിനെ കണ്‍വീനറാക്കാന്‍ ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തുവെന്ന് പി.ടി.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത് എല്ലാ കക്ഷികളും യോജിച്ചാല്‍ മാത്രമേ താന്‍ ഈ സ്ഥാനം സ്വീകരിക്കുകയുള്ളൂവെന്ന് നിതീഷ് നിലപാടെടുത്തെന്നാണ്.

നിതീഷ് കുമാറിനെ കണ്‍വീനറായി നിയമിക്കണമെന്ന് വിവിധ പാര്‍ട്ടി നേതാക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നു പവാര്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഒരു സംഘം രൂപീകരിച്ചാല്‍മതി. 'വോട്ട് തേടാന്‍ ഒരു മുഖം കാണിക്കേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ നേതാവിനെ തിരഞ്ഞെടുക്കും, ബദല്‍ നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 1977ല്‍ പ്രതിപക്ഷം മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയുടെ മുഖമായി ഉയര്‍ത്തിയില്ല.
നിരവധി പാര്‍ട്ടികള്‍ സഖ്യത്തിനായി ഒന്നിക്കുന്നത് നല്ല സൂചനയാണ്- എന്‍സിപി പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യാ ബ്ലോക്ക് യോഗം പരിപാടികളും സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ച ചെയ്തതായി പവാര്‍ പറഞ്ഞു. സഖ്യകക്ഷികളുടെ സംയുക്ത റാലികള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്തില്ല... സീറ്റ് വിഭജനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. മഹാരാഷ്ട്രയിലെ ലോക്‌സഭാ സീറ്റ് വിഭജനം ചര്‍ച്ച ചെയ്തു, അത് അന്തിമമായ ശേഷം ഞങ്ങള്‍ പ്രഖ്യാപിക്കും- അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനും പാര്‍ട്ടി നേതാവ് കനിമൊഴി കരുണാനിധിയും ചെന്നൈയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍കൂട്ടി തീരുമാനിച്ച സംസ്ഥാന പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനെത്തിയില്ല.

 

 

Latest News