Sorry, you need to enable JavaScript to visit this website.

ട്രാക്ക് മുറിച്ച് കടക്കാന്‍ ജീവന്‍ പണയം വെക്കണം, കൊല്ലത്തെ ദുര്‍ഗതി ഇങ്ങനെ...

കൊല്ലം- അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കൊല്ലം കര്‍ബല റെയില്‍വേ നടപ്പാലം ആറര മാസമായിട്ടും തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തില്‍. നിര്‍ത്തിയിട്ട ട്രെയിനിലൂടെ കയറിയിറങ്ങിയും ജീവന്‍ പണയം വച്ചുമാണ് വിദ്യാര്‍ഥികള്‍ ട്രാക്ക് മുറിച്ചു കടക്കുന്നത്. പരാതികളേറെ നല്‍കിയിട്ടും പാലം എന്ന് തുറന്നു നല്‍കുമെന്ന യാതൊരു ഉറപ്പും റെയില്‍വേക്കില്ല.
എസ്.എന്‍ കോളജിലേക്കും ഫാത്തിമാ മാതാ കോളജിലേക്കും മറ്റു സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികളാണ് ട്രാക്ക് മുറിച്ചു കടക്കാന്‍ അഭ്യാസ പ്രകടനം നടത്തേണ്ടിവരുന്നത്. ബലക്ഷയം കാരണം അറ്റകുറ്റപ്പണിക്കായി നടപ്പാലം അടച്ചതോടെയാണ് ഈ ദുരിതം. ബസ് സ്‌റ്റോപ്പിലെത്താനാണിവര്‍ക്ക് ട്രാക്കിലൂടെ പോകേണ്ട അവസ്ഥ. ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സാഹസികമായി പിടിച്ചു കയറി വേണം അപ്പുറത്തെത്താന്‍. ട്രെയിനിന്റെ ഉള്ളിലൂടെ കയറിയിറങ്ങിയും ട്രാക്കിലൂടെ നടന്നു നീങ്ങിയുമെല്ലാമാണിപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്‌റ്റോപ്പിലെത്തുന്നത്.
പലപ്പോഴും തലനാരിഴക്കാണ് അപകടം വഴിമാറുന്നത്. ട്രാക്കിലൂടെ പോകുമ്പോള്‍ പലരുടെയും കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്.
മുമ്പായിരുന്നെങ്കില്‍ മേല്‍പ്പാലം വഴി പോകാമായിരുന്നുവെന്നും ഇപ്പോള്‍ ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ട്രെയിന്‍ വരാറുണ്ടെന്നും അപ്പോള്‍ അതിന്റെ ഉള്ളില്‍ കയറി വേണം അപ്പുറത്ത് എത്താനെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. റെയില്‍വേ സ്‌റ്റേഷന്‍-ചെമ്മാന്‍മുക്ക് റോഡിനെയും കൊല്ലം-ചെങ്കോട്ട റോഡിനെയും ബന്ധിപ്പിച്ചു കര്‍ബല ജംഗ്ഷനില്‍ നിന്ന് തുടങ്ങി ആഞ്ഞിലിമൂട് അവസാനിക്കുന്നതാണ് പാലം. നടപ്പാലം അടച്ചിട്ടിരിക്കുന്നതിനാല്‍ ചിന്നക്കട വഴിയോ കടപ്പാക്കട-ചെമ്മാന്‍മുക്ക് വഴിയോ യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. ഇത്രയും ദൂരം ചുറ്റിപോയാല്‍ സമയത്ത് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റു വഴികളില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും റിസ്‌ക് എടുത്തുകൊണ്ടുള്ള യാത്ര തുടരുകയാണ്.

 

Latest News