കണ്ണൂര്‍ - പ്രകൃതി സംരക്ഷണത്തിനായി അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിച്ച കീഴാറ്റൂരിലെ വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ ജീവിതത്തോടുള്ള പോരാട്ടത്തില്‍. മസ്തിഷ്‌കാഘാതം ബാധിച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന സുരേഷ്, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
വടക്കന്‍ കേരളത്തിന്റെ നെല്ലറയും ശുദ്ധജല സ്രോതസ്സുമായ കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിന് വയല്‍ക്കിളി സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ്, പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജം പകര്‍ന്ന സമര നായകനായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വീറുറ്റ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സമരമായിരുന്നു കീഴാറ്റൂര്‍ വയലില്‍ നടന്നത്. ജനങ്ങളെ സംഘടിപ്പിച്ച് പോരാടി സമരനായകനായി മാറിയ സുരേഷ് കീഴാറ്റൂര്‍ എന്ന പോരാളി അവിചാരിതമായി കടന്നു വന്ന മസ്തിഷ്‌ക്കാഘാതത്തേയും കീഴ്‌പ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള കഠിന ശ്രമത്തിലാണ്.
നവംബര്‍ 22 നാണ് മസ്തിഷ്‌കാഘാതം ബാധിച്ച് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലും തളിപ്പറമ്പിലുമുള്ള വിവിധ ആശുപത്രികളിലും ചികിത്സ തേടിയ സുരേഷിന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. മൂന്ന് ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ് കീഴാറ്റൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്. തളരാത്ത മനസ് അത് തന്നെയാണ് സുരേഷിന്റെ കൈമുതല്‍. അതു കൊണ്ട് തന്നെ സുരേഷ് വേഗത്തില്‍ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് സാധാരണ നിലയിലേക്ക് എത്തുമെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്.
അതേ സമയം, വയല്‍ സംരക്ഷണത്തിനായി സുരേഷ് കീഴാറ്റൂരും സംഘവും ഐതിഹാസിക സമരം നടത്തിയ പ്രദേശത്ത് പുതിയ ദേശീയപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. വയല്‍ക്കിളികള്‍ എന്നറിയപ്പെട്ട സമരക്കാര്‍ പിന്‍ വാങ്ങുകയും പിന്നാലെ നിശബ്ദമാവുകയും ചെയ്തതോടെ അവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച കീഴാറ്റൂരിലെ വയല്‍ പുതിയ ദേശീയപാതയായി മാറി. പൊന്‍കതിര്‍ വിളയുന്ന പാടത്തിന്റെ ഹൃദയം മുറിച്ച് വന്ന ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗങ്ങളിലും ഇപ്പോള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.