ഇറ്റലിക്ക് യൂറോപ്യൻ കിരീടം നേടിക്കൊടുത്ത കോച്ച് റോബർടൊ മാഞ്ചീനിക്കു കീഴിൽ സൗദി അറേബ്യ വലിയ പ്രതീക്ഷകളോടെയാണ് ഏഷ്യൻ കപ്പിൽ കളി തുടങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ തോൽപിച്ചതു മുതൽ സൗദി ഫുട്‌ബോൾ ഉയർച്ചയുടെ പടവുകളിലാണ്. ഈ നൂറ്റാണ്ടിലെ ആദ്യ ഏഷ്യൻ കപ്പ് നേടാൻ ടീമിന് സാധിക്കുമോ
ഏഷ്യൻ ഫുട്‌ബോളിൽ എൺപതുകൾ മുതൽ സൗദി അറേബ്യ തലയുയർത്തി നിൽക്കുന്നുണ്ട്. ഏഷ്യൻ കപ്പിൽ 1984 ലെ അരങ്ങേറ്റത്തിൽ കിരീടമുയർത്തിയ സൗദി നാലു വർഷത്തിനു ശേഷം കിരീടം നിലനിർത്തി. 2000 വരെ എല്ലാ ഫൈനലും കളിച്ചു. പിന്നീട് ചാമ്പ്യന്മാരാവാൻ കഴിഞ്ഞില്ലെന്നത് വലിയ സമസ്യയായിരുന്നു. ജപ്പാനാണ് പുതിയ നൂറ്റാണ്ടിൽ ഏറ്റവുമധികം തവണ ഏഷ്യൻ ചാമ്പ്യന്മാരായത്, മൂന്നു തവണ.
ഇത്തവണ സൗദി വലിയ പ്രതീക്ഷയോടെയാണ് ഏഷ്യൻ കപ്പിനെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ലീഗാണ് സൗദിയിലേത്. ക്രിസ്റ്റ്യാനൊ റൊണാൾഡോയും നെയ്മാറും കരീം ബെൻസീമയുമുൾപ്പെടെ ലോകോത്തര കളിക്കാരുടെ കളിത്തട്ടായി മാറി സൗദി. അടുത്ത ഏഷ്യൻ കപ്പിന്റെ ആതിഥേയരാണ്. ലോകകപ്പിന് വേദിയൊരുക്കാനുള്ള തയാറെടുപ്പിലാണ്. സ്പാനിഷ് സൂപ്പർ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പുമുൾപ്പെടെ പ്രധാന ടൂർണമെന്റുകളുടെ ആതിഥേയരാണ്. അതുകൊണ്ട് തന്നെ ഏഷ്യൻ കപ്പിൽ പഴയ പ്രതാപം വീണ്ടെടുക്കാനുറച്ചാണ് സൗദി എത്തുന്നത്. റോബർടൊ മാഞ്ചീനി എന്ന കരുത്തു തെളിയിച്ച ഗുരുവാണ് ഇത്തവണ സൗദിയെ കളി പഠിപ്പിക്കുന്നത്.
ജപ്പാൻ തന്നെയായിരിക്കും സൗദിക്ക് ഏറ്റവും വലിയ വെല്ലുവിളി. ഏഷ്യയിലെ ഒന്നാം നമ്പർ ടീമാണ് അവർ. അവസാന പത്തു കളികളും ജയിച്ചിട്ടുണ്ട്. അതിലൊന്ന് ജർമനിക്കെതിരായ ജർമനിയിലെ 4-1 വിജയമാണ്.
ലോകോത്തര കളിക്കാരുമായി ലീഗിൽ കളിച്ച പരിചയം സൗദി ടീമിന് മുതൽക്കൂട്ടാവും. സൗദി ടീമിലെ എല്ലാ കളിക്കാരും സ്വന്തം ലീഗിൽ പന്ത് തട്ടുന്നവരാണ്. സൗദി കളിക്കാർ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കോച്ച് മാഞ്ചീനി തന്നെ പറയുന്നു. എന്നാൽ ലോകോത്തര ടീമാവാൻ സമയമെടുക്കും. ഏഷ്യൻ കപ്പിൽ സൗദി കിരീട സാധ്യതയിൽ മുന്നിലല്ല. ഒരുപാട് മികച്ച ടീമുകളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
ജപ്പാൻ വരുന്നത് യൂറോപ്യൻ ലീഗുകളിൽ കരുത്തു തെളിയിച്ചവരുമായാണ്. ലിവർപൂൾ മിഡ്ഫീൽഡർ വതാരു എൻഡൊ, ബ്രൈറ്റൻ താരം കവോറു മിതോമ, മോണകോയുടെ തകൂമി മിനാമിനൊ, ആഴ്‌സനലിന്റെ തകേഹിറൊ തോമിയാസു എന്നിവർ ജപ്പാൻ നിരയിലുണ്ട്.
തെക്കൻ കൊറിയക്ക് ഏഷ്യൻ കപ്പിൽ കരുത്തു തെളിയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ടോട്ടനത്തിനു വേണ്ടി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ 12 ഗോളടിച്ച സോൻ ഹ്യുംഗ് മിന്നും വുൾവർഹാംപ്റ്റനു വേണ്ടി 10 ഗോളടിച്ച ഹ്വാംഗ് ഹീ ചാനും ആക്രമണം നയിക്കുമ്പോൾ കൊറിയയെ എഴുതിത്തള്ളാനാവില്ല. ഫിഫ ബാലൻഡോർ ബഹുമതിക്ക് 2023 ൽ നാമനിർദേശം ചെയ്യപ്പെട്ട കിം മിൻ ജേയാണ് (ബയേൺ മ്യൂണിക്) അവരുടെ പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നത്. ആദ്യമായാണ് ഒരു ഏഷ്യൻ ഡിഫൻഡർ ഫിഫ ബഹുമതിക്ക് പരിഗണിക്കപ്പെടുന്നത്.
പോർചുഗലിൽ കഴിഞ്ഞ സീസണിൽ ടോപ്‌സ്‌കോററായ മെഹ്ദി തരീമി (പോർടൊ), റോമയുടെ സർദാർ അസ്മൂൻ, ബ്രന്റ്ഫഡിന്റെ സമൻ ഗുദുസ് എന്നിവർ ഇറാൻ നിരയിലുണ്ട്.
ആദ്യ വനിതാ റഫറി ഇന്ത്യയുടെ മത്സരത്തിൽ
പുരുഷ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ മത്സരം ഇന്ത്യയുടേത്. ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലുള്ള ശനിയാഴ്ചത്തെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ജപ്പാൻകാരി യോഷിമി യാമാഷിതയാണ് വിസിലൂതുക. അസിസ്റ്റന്റ് റഫറിമാരും വനിതകളായിരിക്കും. മകോതൊ ബോസോനോയും നൊവോമി തെഷിറോഗിയും.
മൂവർ സംഘം നിരവധി മത്സരങ്ങൾ ഒന്നിച്ച് നിയന്ത്രിച്ചിട്ടുണ്ട്. 2019 ലെ എ.എഫ്.സി കപ്പിലും 2022 ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ വർഷം ജപ്പാൻ ലീഗിലുമൊക്കെ അവർ പുരുഷന്മാരുടെ കളികളിൽ റഫറിമാരായി.
യാമാഷിത ജപ്പാനിലെ ആദ്യ വനിതാ പ്രൊഫഷനൽ റഫറിയാണ്. രണ്ട് വനിതാ ലോകകപ്പിലുൾപ്പെടെ കളി നിയന്ത്രിച്ച പരിചയമുണ്ട് മുപ്പത്തേഴുകാരിക്ക്. 2022 ലെ പുരുഷ ലോകകപ്പിലും അവർ റഫറിമാരുടെ പാനലിലുണ്ടായിരുന്നു. ഏഷ്യൻ കപ്പിനുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടികയിൽ അഞ്ച് വനിതകളുണ്ട്.