Sorry, you need to enable JavaScript to visit this website.

നിതീഷ് സ്ഥാനം നിരസിച്ചു, ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍പേഴ്‌സന്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റ് ഇന്‍ക്‌ളൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ചെയര്‍പേഴ്സണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ തിരഞ്ഞെടുത്തു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളയാള്‍ തന്നെ പദവി ഏറ്റെടുക്കണമെന്നായിരുന്നു നിതീഷിന്റെ നിര്‍ദേശം. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല.

ഇന്നുചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഖാര്‍ഗെയെ അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. എന്നാല്‍, മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

സീറ്റ് വിഭജന ചര്‍ച്ചകളിലെ പുരോഗതിയും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംയുക്ത റാലികളെക്കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ മുന്നണി നേതാക്കള്‍ പങ്കെടുക്കുന്നതും ചര്‍ച്ചയായി.

ഇന്നലെ വൈകിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെക്കുറിച്ച് അറിയിച്ചതെന്നും മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മമത പറഞ്ഞതായും തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും കേട്ടില്ല. യോഗം കക്ഷി നേതാക്കളുടേതായതിനാല്‍ തൃണമൂല്‍ പ്രതിനിധിയെയും അയക്കില്ല.

നിതീഷിനെ കണ്‍വീനറായി തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാലാണ് മമത വിട്ടു നിന്നതെന്ന ശ്രുതിയുമുണ്ട്.

 

Latest News