ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും പെട്ടെന്ന് തുറന്നത് പ്രളയത്തിന് ഒരു കാരണമായെന്നും ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന ആവശ്യം തമിഴ്‌നാട് ചെവികൊണ്ടില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോള്‍ തന്നെ ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവര്‍ അംഗീകരിച്ചില്ല.139 അടിയിലെത്തിയപ്പോള്‍ വീണ്ടും ഇതാവശ്യപ്പെട്ടു. അതും തമിഴ്‌നാട് ചെവികൊണ്ടില്ല. ജലനിരപ്പ് പൂര്‍ണ തോതിലെത്തിയ ശേഷം അണക്കെട്ട് പെട്ടെന്ന് തുറന്നു വിട്ടതോടെ ഇടുക്കി അണക്കെട്ടില്‍ അമിതമായി വെള്ളമെത്തി. ഇതു തുറന്നു വിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും ചീഫ് സെക്രട്ടറി സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ പ്രളയമുണ്ടായി ഒരാഴ്ച കഴിഞ്ഞ ശേഷം ഓഗസ്റ്റ് 16-നാണ് മുല്ലപ്പെരിയാല്‍ തുറന്നതെന്ന് തമിഴനാട് വാദിച്ചു. 142 അടിവരെ വെള്ളം സംഭരിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് തമിഴ്‌നാട് എതിര്‍സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായപ്പോള്‍ തന്നെ വെള്ളം തുറന്നു വിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം അധികമായി ലഭിക്കുമായിരുന്നു. 139 അടിയിലെങ്കിലും ജലനിരപ്പ് നിര്‍ത്തണമെന്ന് തമിഴനാടിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് ജലവിഭവ സെക്രട്ടറിയോയും മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതി ചെയര്‍മാനോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല. ഇതിനിടെ ഇടുക്കി അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ നിന്ന് ജില്ലാ ഭരണകൂടം ജനങ്ങളെ അതിവേഗം ഒഴിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഓഗസറ്റ് 15-നു പുലര്‍ച്ചെ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും പെട്ടെന്ന് തുറന്നു വിട്ടത്. അതോടെ ഇടുക്കി ഡാമും തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ കാരണങ്ങളിലൊന്നാണെന്നും കേരളം ചൂണ്ടിക്കാട്ടി.