സന്‍ആ - യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ആക്രമണം. ഇന്ന്(ശനിയാഴ്ച)പുലർച്ചെയാണ് അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം നടത്തിയത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽ ദൈലാമി ബേസിലേക്കും റഡാർ സൈറ്റിലേക്കുമാണ് ആക്രമണം നടത്തിയത്. വാണിജ്യ കപ്പലുകൾ ഉൾപ്പെടെയുള്ള നാവിക കപ്പലുകളെ ആക്രമിക്കാനുള്ള ഹൂതികളുടെ ശേഷി ഇല്ലാതാക്കാനാണ് ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചത്. വിമാനവാഹിനിക്കപ്പലായ കാർണിയാണ് സനയിൽ ആക്രമണം നടത്തിയതെന്ന് യു.എസ് സൈന്യം പറഞ്ഞു.
വെള്ളിയാഴ്ച, അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം സന, ഹുദൈദ തുറമുഖം, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ആയുധശാല എന്നിവിടങ്ങളിൽ ആക്രമണം നടത്തിയത്.
അതേസമയം, യെമനിൽ ഹൂത്തി കേന്ദ്രങ്ങൾക്കു നേരെ അമേരിക്കയും ബ്രിട്ടനും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സൈനിക ഓപ്പറേഷനുകളും യെമനിലെ ഏതാനും കേന്ദ്രങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളും ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ചെങ്കടൽ പ്രദേശത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കണം. ചെങ്കടലിലെ സ്വതന്ത്ര സമുദ്ര ഗതാഗതം അന്താരാഷ്ട്ര ആവശ്യമാണ്. ചെങ്കടലിൽ സമുദ്ര ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മുഴുവൻ താൽപര്യങ്ങൾക്കും ഹാനികരമാണ്. മേഖല സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും സംഘർഷം കൂടുതൽ മൂർഛിക്കാതെ നോക്കണമെന്നും വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, തായിഫ് കിംഗ് ഫഹദ് വ്യോമതാവളത്തിൽ വിദേശ സേനകൾ എത്തിയതായുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി വ്യക്തമാക്കി.
യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഉപയോഗിക്കുന്ന ഒരു ഡസനിലേറെ കേന്ദ്രങ്ങൾക്കു നേരെ അമേരിക്കയും ബ്രിട്ടനും വ്യാഴാഴ്ച രാത്രിയാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. പടക്കപ്പലുകളിൽ നിന്നുള്ള ടോമഹോക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു ഹൂത്തികളുടെ ലോജിസ്റ്റിക്കൽ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ആയുധപ്പുരകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ. ഇസ്രായിൽ -ഹമാസ് യുദ്ധം ആരംഭിച്ച ശേഷം വാണിജ്യ കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികൾ നടത്തുന്ന നിരന്തര ആക്രമണങ്ങൾക്കുള്ള ആദ്യ സൈനിക പ്രതികരണമായിരുന്നു ഇത്.
ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും ഹൂത്തികൾക്ക് വൈറ്റ്ഹൗസും യു.എസ് സഖ്യരാജ്യങ്ങളും അന്തിമ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഏകോപിത ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങളിൽ ആക്രമണങ്ങൾ നിലച്ചതിനാൽ മുന്നറിയിപ്പ് സ്വാധീനം ചെലുത്തിയതായി കണക്കാക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ചെങ്കടലിൽ കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് എക്കാലത്തെയും വലിയ ആക്രമണങ്ങൾ നടത്തി. അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകളും അമേരിക്കൻ പോർവിമാനങ്ങളും ചേർന്ന് ഹൂത്തികളുടെ പതിനെട്ടു ഡ്രോണുകളും രണ്ടു ക്രൂയിസ് മിസൈലുകളും ഒരു ആന്റി-ഷിപ്പ് മിസൈലും വെടിവെച്ചിട്ടു. വ്യാഴാഴ്ച ഏദൻ ഉൾക്കടലിൽ വാണിജ്യ കപ്പൽ ലക്ഷ്യമിട്ട് ഹൂത്തികൾ ആന്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു. ഈ മിസൈൽ കപ്പലിൽ തട്ടിയില്ല. നവംബർ 19 മുതൽ ഹൂത്തികൾ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് 27 ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഹൂത്തി ലക്ഷ്യങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെന്മാർക്ക്, ജർമനി, നെതർലാന്റ്‌സ്, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ആഗോള വ്യാപാരത്തിനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയിൽ നാവികരുടെ ജീവനും ഭീഷണിയാവുന്ന ഹൂത്തികളുടെ സൈനിക ശേഷി ഇല്ലാതാക്കാനാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസ്താവന പറഞ്ഞു. നെതർലാന്റ്‌സ്, കാനഡ, ബഹ്‌റൈൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങൾ നടത്തിയതെന്നും സംയുക്ത പ്രസ്താവന പറഞ്ഞു.
ഹൂത്തി ലക്ഷ്യങ്ങൾക്കു നേരെ അമേരിക്കയും ബ്രിട്ടനും വിജയകരമായി ആക്രമണങ്ങൾ നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഓസ്‌ട്രേലിയയുടെയും ബഹ്‌റൈന്റെയും കാനഡയുടെയും നെതർലാന്റ്‌സിന്റെയും പിന്തുണയോടെയും ബ്രിട്ടനുമായി സഹകരിച്ചും അമേരിക്കൻ സൈന്യം തന്റെ നിർദേശാനുസരണമാണ് ആക്രമണങ്ങൾ നടത്തിയതെന്ന്് ബൈഡൻ വ്യക്തമാക്കി.
അതേസമയം, യെമനിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ അമേരിക്കൻ സേന നടത്തുന്ന ഏതൊരു ആക്രമണവും കടുത്ത സൈനിക പ്രതികരണത്തിന് കാരണമാകുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. 24 ലേറെ ഡ്രോണുകളും നിരവധി മിസൈലുകളും ഉപയോഗിച്ച് അടുത്തിടെ നടത്തിയ ഓപ്പറേഷനേക്കാൾ വലിയ ശക്തിയിൽ ഏതൊരു അമേരിക്കൻ ആക്രമണത്തിനും പ്രതികരണം ഉണ്ടാകുമെന്ന് ഹൂത്തികളുടെ പരമോന്നത നേതാവ് അബ്ദുൽമലിക് അൽഹൂത്തി പറഞ്ഞു.
ഇസ്രായിലിന്റെ ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചെങ്കടലിൽ കപ്പലുകൾക്കു നേരെ തങ്ങൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് ഹൂത്തികൾ പറയുന്നു. എന്നാൽ ഇസ്രായിലുമായി വലിയ ബന്ധമോ തീരെ ബന്ധമോ ഇല്ലാത്ത കപ്പലുകൾക്കു നേരെയാണ് ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നത്. ഇത് ഏഷ്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിർണായക വ്യാപാര പാതയെ തടസ്സപ്പെടുത്തുന്നു. ഹൂത്തികൾ ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ഹൂത്തികളുടെ ആയുധ വിതരണക്കാരായ ഇറാനെ പരോക്ഷമായി അപലപിക്കുകയും ചെയ്യുന്ന പ്രമേയം ബുധനാഴ്ച യു.എൻ രക്ഷാ സമിതി പാസാക്കിയിരുന്നു. പതിനൊന്നു രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. റഷ്യയും ചൈനയും അൾജീരിയയും മൊസാംബിക്കും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.