ന്യൂദൽഹി- മരണത്തിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ കഥകൾ എമ്പാടും കേട്ടിട്ടുണ്ട്. അത്തരം കഥകളിൽനിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് ഹരിയാനയിലെ ഒരു കുടുംബം. മരിച്ചയാളെയുമായി പോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണതിനെ തുടർന്ന് മരിച്ച മനുഷ്യനിൽ ജീവൻ തിരിച്ചെത്തുകയായിരുന്നു. മരിച്ച ജീവിച്ചയാൾ ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിയാനയിൽ നിന്നുള്ള 80 വയസ്സുള്ള ദർശൻ സിംഗ് ബ്രാളാണ് മരിച്ച പുനർജനിച്ചത്.
ഇദ്ദേഹത്തെ ചികിത്സിച്ചിരുന്ന ആശുപത്രി അധികൃതർ മരണം രേഖപ്പെടുത്തിയതിനെ തുടർന്ന് മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത്ഭുത സംഭവം. യാത്രയ്ക്കിടെ ആംബുലൻസ് കുഴിയിൽ വീണതോട മരിച്ചയാൾ കൈ ചലിപ്പിക്കുന്നത് ഒപ്പമുണ്ടായിരുന്ന ചെറുമകന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. വൈകാതെ ഹൃദയം മിടിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം കൊണ്ടുപോകാൻ ഡ്രൈവറോട് പറഞ്ഞു. ഡോക്ടർമാരാണ് മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കർനാലിനടുത്തുള്ള നിസിംഗിലാണ് ദൽശൻ സിംഗ് ബ്രാർ താമസിച്ചിരുന്നതെന്നും അവിടെ ഒരു കോളനി മുഴുവൻ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും ബ്രാറിന്റെ കൊച്ചുമക്കളിലൊരാളായ ബൽവാൻ സിംഗ് പറഞ്ഞു. കുറച്ച് ദിവസമായി ബ്രാറിന് സുഖമില്ലായിരുന്നു. തുടർന്ന് സഹോദരൻ അദ്ദേഹത്തെ ചികിത്സയ്ക്കായി പട്യാലയിലെ വീടിനടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞുവെന്നും ബൽവാൻ പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് പുറത്തെടുക്കുകയും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ 9 മണിയോടെ പട്യാലയിലുള്ള എന്റെ സഹോദരൻ ഞങ്ങളുടെ മുത്തച്ഛന്റെ മരണത്തെക്കുറിച്ച് അറിയിച്ചു. അന്ത്യകർമങ്ങൾക്കായി ആംബുലൻസിൽ നിസിംഗിലേക്ക് (ഏകദേശം 100 കിലോമീറ്റർ അകലെ) കൊണ്ടുപോകുകയായിരുന്നു. ഞങ്ങൾ ബന്ധുക്കളെയും അദ്ദേഹത്തെ അറിയാവുന്ന മറ്റ് നാട്ടുകാരെയും വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിലപിക്കാൻ അവർ നേരത്തെ തന്നെ തടിച്ചുകൂടിയിരുന്നു. വിലപിക്കുന്നവർക്കായി ഭക്ഷണവും ക്രമീകരിച്ചിരുന്നു. ശവസംസ്‌കാരത്തിനായി ഞങ്ങൾ വിറകും ശേഖരിച്ചു.
ആംബുലൻസ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ഒരു കുഴിയിൽ ശക്തമായി വീഴുകയും ഈ സമയത്ത് ബ്രാർ കൈ ചലിപ്പിക്കുന്നത് കൊച്ചുമകൻ ശ്രദ്ധിക്കുകയും ചെയ്തു. അദ്ദേഹം ഹൃദയമിടിപ്പ് പരിശോധിച്ചു. ഹൃദയം മിടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ബ്രാറിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബ്രാർ ജീവിച്ചിരിപ്പുണ്ടെന്നും ശ്വസിക്കുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്നും തുടർന്ന് അദ്ദേഹത്തെ നിസിംഗിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും അവിടെ നിന്ന് കർണാലിലെ എൻ.പി റാവൽ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും കുടുംബം പറഞ്ഞു.