Sorry, you need to enable JavaScript to visit this website.

ക്ഷേത്രം നിര്‍മിക്കാന്‍ മോഡിയെ നിയോഗിച്ചത് ശ്രീരാമനെന്ന് അദ്വാനി; എല്ലാം നേരത്തെ വിധിക്കപ്പെട്ടത്

ന്യൂദല്‍ഹി- അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ശ്രീരാമന്‍ തന്നെ തെരഞ്ഞെടുത്ത ഭക്തനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വനി. പങ്കെടുക്കേണ്ടതില്ലെന്ന് വി.എച്ച്.പി അറിയിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനു ശേഷം അദ്വാനിയും 22-ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

അയോധ്യയില്‍ ക്ഷേത്രം ഉയരണമെന്ന വിധി നേരത്തെ കുറിക്കപ്പട്ടതാണെന്നും താന്‍ അതിന്റെ സാരഥി മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി 'രാഷ്ട്രധര്‍മ' എന്ന മാസികക്കുവേണ്ടി എഴുതിയ ലേഖനത്തിലാണ് അദ്വാനി ഇക്കാര്യങ്ങള്‍ പറയുന്നത്. തിങ്കളാഴ്ച ലേഖനം പ്രസിദ്ധീകരിക്കും.
തന്റെ ക്ഷേത്രം പുതുക്കിപ്പണിയാന്‍ ശ്രീരാമന്‍ തെരഞ്ഞെടുത്ത ഭക്തനാണ് മോഡി. ക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച മോഡിയെ അദ്വാനി  അഭിനന്ദിച്ചു.
വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയ  വിവാദ 'രഥയാത്ര'യ്ക്ക് നേതൃത്വം നല്‍കിയ നേതാവാണ് അദ്വാനി. 1990 സെപ്റ്റംബര്‍ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച 'രഥയാത്ര'യില്‍ അദ്വാനിക്കൊപ്പം മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹര്‍ ജോഷിയുമുണ്ടായിരുന്നു. ഈ സമയത്ത് അദ്വാനിയുടെ സന്തതസഹചാരിയായിരുന്നു നരേന്ദ്ര മോദി. യാത്രയ്‌ക്കൊടുവിലാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത്. മസ്ജിദ് തകര്‍ക്കുമ്പോള്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയിലുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ വായിക്കുക

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം ഉയരുമെന്ന് വിധി തീരുമാനിച്ചതായി രഥയാത്രാ വേളയില്‍ തനക്ക് തോന്നിയിരുന്നുവെന്ന് അദ്വാനി പറയുന്നു. രഥയാത്ര തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാല്‍ ആരാധന അര്‍ഹിക്കുന്ന 'രഥം' ആയിരുന്നു അത്.  വിദൂര ഗ്രാമങ്ങളില്‍നിന്നുള്ള ഗ്രാമവാസികള്‍ രഥം കണ്ട് വികാരഭരിതരായി തന്റെ അടുക്കല്‍ വന്നുവെന്നും തൊഴുതുകൊണ്ട് രാമനാമം ചൊല്ലിയെന്നും അദ്വാനി അനുസ്മരിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും പരിവര്‍ത്തനപരവുമായ സംഭവമായിരുന്നു രഥയാത്ര. അതു തനിക്ക് ഇന്ത്യയെയും തന്നെയും വീണ്ടും കണ്ടെത്താനുള്ള അവസരം നല്‍കി. ഞങ്ങള്‍ യാത്ര ആരംഭിച്ചപ്പോള്‍ ശ്രീരാമനിലുള്ള ഞങ്ങളുടെ വിശ്വാസം രാജ്യത്ത് ഒരു വലിയ പ്രസ്ഥാനമായി മാറുമെന്ന് അറിയില്ലായിരുന്നു. യാത്രയ്ക്കിടയില്‍ എന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായി. രാമക്ഷേത്രം സ്വപ്‌നം കണ്ടവര്‍ ഏറെയുണ്ടെന്ന സന്ദേശമായിരുന്നു അത്- അദ്വാനി ലേഖനത്തില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രം സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ എല്ലാ പൗരന്മാരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്വാനി പറഞ്ഞു.

അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനു വരേണ്ടെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട് വന്‍ വിവാദമായിരുന്നു. വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് വി.എച്ച്.പി നിലപാട് മാറ്റിയത്. അദ്വാനി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുമെന്നും അനാരോഗ്യം കണക്കിലെടുത്ത് പ്രത്യേകം വൈദ്യസഹായം സജ്ജമാക്കുമെന്നും വി.എച്ച്.പി വ്യക്തമാക്കി.

 

 

 

 

Latest News