തിരുവനന്തപുരം - വിദേശരാജ്യങ്ങളിലെ തൊഴില്‍ മേഖലകള്‍ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ ജോലി ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക്കിന്റെ സേവനം ഉദ്യോഗാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തൊഴിലുകള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാര്‍ഥികള്‍ക്ക് വിസയും നിയമനപത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവനത്തിന് നാമമാത്രമായ സര്‍വീസ് ചാര്‍ജാണ് ഒഡേപെക് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ട്രാവല്‍ഡിവിഷനും ഒഡേപെക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ റിക്രൂട്ട്‌മെന്റ്, എയര്‍ ടിക്കറ്റിംഗ് മേഖലകള്‍ക്കു പുറമെ പാക്കേജ്ഡ് ടൂര്‍, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
10,000 ത്തോളം വിദേശ റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക്കിലൂടെ നടന്നത്. നഴ്‌സ്, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എന്‍ജിനിയര്‍, ടീച്ചര്‍ വിഭാഗങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, മാലദ്വീപ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിയമനം നടത്തിയിട്ടുണ്ട്.
മിനിസ്ട്രി ഒഫ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സിന്റെ അംഗീകാരത്തോടെ പൊതുമേഖലയില്‍ ആരംഭിച്ച ആദ്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഒഡേപെക്. തുര്‍ക്കിയിലെ കപ്പല്‍ നിര്‍മ്മാണശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബല്‍ജിയത്തിലേക്കുള്ള 35 നഴ്‌സുമാരുടെയും യു.എ.ഇയിലേക്കുള്ള നാലു വനിതാ ടെക്‌നീഷ്യന്മാരുടെയും വിസ, നിയമന പത്രിക വിതരണം ചെയ്തു. ഒഡേപെക് ചെയര്‍മാന്‍ കെ.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.എ.അനൂപ് സ്വാഗതം പറഞ്ഞു.