ന്യൂദല്‍ഹി - അര്‍ഹമായ വിഹിതം അനുവദിക്കാതെയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നെന്ന് കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ഹര്‍ജിയില്‍ കേരളം ഉന്നയിച്ചിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്.