Sorry, you need to enable JavaScript to visit this website.

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുടിപ്പക, കൊടി സുനിയുടെ വരവോടെ അന്തരീക്ഷം മാറി

കുറ്റിപ്പുറം - ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തരീക്ഷം ആകെ കലുഷിതം ആകുന്നു.  തടവുകാര്‍ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനിയും കൂട്ടാളികളും എത്തിയതിനുശേഷം ആണ് ജയിലില്‍ കയ്യാങ്കളിയും ഏറ്റുമുട്ടലും രൂക്ഷമായതെന്ന് ചൂണ്ടിക്കാട്ടുന്നു .വിവിധ കേസുകളില്‍ തടവില്‍ കഴിയുന്ന പ്രതികള്‍ തമ്മിലുള്ള കുടിപ്പകയാണ് എല്ലാവരും ഒരു ജയിലില്‍ എത്തിയതോടെ സംഘര്‍ഷത്തിന് കാരണമായത്.  പുതിയതായി ആരംഭിച്ച സെന്‍ട്രല്‍ ജയിലില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തത് ഏറ്റുമുട്ടല്‍ തുടരാന്‍ വഴിയൊരുക്കുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ ജയിലില്‍ 500 ലേറെ തടവുകാരുണ്ട്. ഇവിടേക്ക് വേണ്ടത് 92 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണ് .പക്ഷേ 27 പേരെ വച്ചാണ് ഇപ്പോള്‍ ജയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉള്ള 27 പേര്‍ക്ക് നിയന്ത്രിച്ചു കൊണ്ടു പോവുക കഠിനമുള്ള ജോലിയാണ്. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ തവനൂരിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ ജയില്‍ സൂപ്രണ്ട് ഓഫീസര്‍മാരുടെ കുറവ് ജയില്‍ ഡി.ജി.പിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. പക്ഷേ ഇതുവരെയും പരിഹാരമായിട്ടില്ല. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയം കൊടി സുനിയും കൂട്ടാളികളും അവിടെയും സംഘര്‍ഷവും ഏറ്റുമുട്ടലും നടത്തിയിരുന്നതാണ്. ഏറ്റുമുട്ടലും സംഘര്‍ഷത്തിലും കൊടി സുനിക്ക് നേരിട്ട് പങ്കില്ലെങ്കിലും സുനിയുടെ കൂട്ടാളികളാണ് ഒരു ഭാഗത്തുള്ളത്. ആവശ്യത്തിന് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിച്ച അടിയന്തരമായ സുരക്ഷാസൗകര്യം ഒരുക്കണമെന്ന് ജയില്‍ സൂപ്രണ്ട് വീണ്ടും ഉന്നത അധികൃതരെ അറിയിച്ചിരിക്കുകയാണ് .

 

Latest News