Sorry, you need to enable JavaScript to visit this website.

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കണ്ണൂര്‍-  ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നു സഹിതം യുവാവ് പിടിയില്‍. കണ്ണൂര്‍ എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സില്‍  സി.എച്ച്. മുഹമ്മദ് ഷരീഫ്(34) ആണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 134.178 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.
കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്നു കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 5 ലക്ഷം രൂപ വില വരും. ഇയാള്‍ മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മെത്താഫിറ്റമിന്‍ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയില്‍ പ്രിവന്റ്‌റീവ് ഓഫീസര്‍ മാരായ കെ.സി.ഷിബു, ആര്‍.പി.അബ്ദുള്‍ നാസര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുജിത്ത്, സി ഇ ഒ വിഷ്ണു, വനിതാ സി ഇ ഒ പി.സീമ,എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ പിന്നീട് കോടതി മുമ്പാകെ ഹാജരാക്കും.

 

Latest News