കോഴിക്കോട് - സഖാവ് ഇ.എം.എസിനെ ഓർമിപ്പിച്ച് പിണറായി വിജയന്റെ സാനിധ്യത്തിൽ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്ത്. എം.ടി വിമർശിച്ചത് സി.പി.എമ്മിനെയും സർക്കാരിനെയുമാണെന്നാണ് എൻ എസ് മാധവന്റെ പക്ഷം.
എം.ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശം ഉൾക്കൊണ്ട് സി.പി.എം ആത്മപരിശോധന നടത്തുമെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എം ടി നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ഇതേ കാര്യം മുമ്പും എം.ടി എഴുതിയിട്ടുണ്ട്. ഇ.എം.എസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനം മാത്രമാണിതെന്നും പാർട്ടി ന്യായീകരിക്കുന്നു.
എം.ടിയുടെ വിമർശം പ്ലാൻ ചെയ്തുതന്നെ; കാര്യങ്ങൾ വെളിപ്പെടുത്തി എഴുത്തുകാരൻ എൻ.ഇ സുധീർ
കോഴിക്കോട് - കോഴിക്കോട് കടപ്പുറത്തെ കേരള സാഹിത്യേത്സവ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം ചർച്ചയായതിൽ എം.ടിയുടെ വിശദീകരണം അറിയിച്ച് എഴുത്തുകാരൻ എൻ.ഇ സുധീർ. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശത്തിനാണെന്നും എം.ടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. പ്രസംഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എം.ടി ഇങ്ങനെ പറഞ്ഞതെന്നും പ്രസംഗത്തിന്റെ തലേന്ന് എം.ടിയെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ ' കെ.എൽ.എഫ് വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞിരുന്നു. എന്നാൽ, അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശമാവുമെന്ന് ഞാൻ കരുതിയിരുന്നില്ലെന്നും സുധീർ എഫ്.ബിയിൽ വ്യക്തമാക്കി.
പ്രസംഗശേഷം എം.ടി എന്നോട് പറഞ്ഞത് ഇതാണ്: 'ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.' ശേഷം സുധീർ 'കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്താണ്' സുധീർ എഫ്.ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എൻ.ഇ സുധീറിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്. 'ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.' തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.
'ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടില്ല'; പിണറായിയെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ
- ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി വാസുദേവൻ നായർ. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കല്പ്പത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാത്തതെന്നും എം.ടി വ്യക്തമാക്കി.
കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സഖാവ് ഇ.എം.എസിനെ ഓർമിപ്പിച്ച് രാഷ്ട്രീയ വിമർശവുമായി പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം.ടിയുടെ വിമർശം.
സഖാവ് ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടിട്ടില്ലെന്നും അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയിരിക്കുകയാണെന്നും എം.ടി പറഞ്ഞു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി കുറ്റപ്പെടുത്തി.
വായിക്കുക...
ഉപയോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ താഴ്ച
നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ്, അധികാരത്തിന്റെ അവസരമെന്നു വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമർത്തലുകളിൽനിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.
രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി വിമർശിച്ചു. എം.ടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടനെ മുഖ്യമന്ത്രി വേദി വിട്ടു. ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കൂടാതെ പ്രശ്‌സത നർത്തകി മല്ലിക സാരാഭായ്, പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ അടക്കമുള്ളവരും ഉണ്ടായിരുന്നു.