ന്യൂദൽഹി/ബെംഗളൂരു- കർണാടകയിൽ ലോഡ്ജ് മുറിയിൽ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ മർദിച്ച ഏഴുപേർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. കൂട്ടാളിക്കൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെയാണ് യുവതി വീഡിയോ പുറത്തുവിട്ടത്. കാട്ടിൽ വച്ച് തന്നെ ബലാത്സംഗം ചെയ്ത ശേഷം അക്രമികൾ ബലമായി കാറിൽ കയറ്റി നഗരത്തിലൂടെ വാഹനമോടിച്ചുവെന്നും ഡ്രൈവരും ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി. ബലാത്സംഗത്തിന് ശേഷം പ്രതികൾ തന്നെ ബസ് സ്റ്റോപ്പിൽ ഇറക്കി. ബലാത്സംഗത്തെ പറ്റി യുവതി നേരത്തെ പറഞ്ഞിരുന്നില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്തുവെന്നും ഹവേരി പോലീസ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു. വിവാഹിതയായ മുസ്്‌ലിം യുവതിക്ക് താൻ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തയാളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ പ്രതികൾ ശ്രമിച്ചു. കുറ്റകൃത്യത്തെ പറ്റി പരാതി നൽകാതിരിക്കാനാണ് വീഡിയോ പകർത്തിയത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ ലോഡ്ജിന്റെ മുറിക്ക് പുറത്ത് ആറ് പേർ കാത്തുനിൽക്കുന്നത് അക്രമികൾ തന്നെ ചിത്രീകരിച്ച വീഡിയോയിൽ കാണാം. റൂം നമ്പർ രേഖപ്പെടുത്തിയ മുറിക്കുമുന്നിൽ ഇവർ കാത്തിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. മുറിയുടെ വാതിൽ ഒരു പുരുഷൻ തുറന്നപ്പോൾ പ്രതികൾ അകത്തേക്ക് കയറി ബുർഖ കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പോകുന്നതും വീഡിയോയിലുണ്ട്. പുരുഷൻമാരുടെ മർദ്ദനത്തിൽ താഴെ വീണ സ്ത്രീയെ ഇവർ വീണ്ടും മർദ്ദിക്കുന്നത് കാണാം.