Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം- സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
അയല്‍വീട്ടിലേതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം സ്ത്രീധനം നല്‍കണമെന്നും കൂടുതല്‍ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെണ്‍കുട്ടികളെ ബാധ്യതയാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവന്‍ നല്‍കി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷന്‍ ശിപാര്‍ശ നല്‍കും. സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാന്‍ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ  ഓരോരുത്തരും തീരുമാനം എടുക്കണം.
ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മര്‍ദനം ഉള്‍പ്പെടെ പീഡനം സഹിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടു മൂലം പെണ്‍കുട്ടികളുടെ ജീവിതം താറുമാറാകും. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ജീവിതം സംബന്ധിച്ച് പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരണം. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നതിന് അവസരം നല്‍കണം. സ്ത്രീകള്‍ക്ക് അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കണം.
സ്വന്തം ജീവിതം തിരിച്ചറിയാനും നിര്‍ണയിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കണം. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളു. സ്ത്രീവിരുദ്ധമായ ചിന്താഗതികള്‍ സമൂഹത്തില്‍ ശക്തമാണ്. ഇതുമൂലമാണ് സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമായി വരുന്നത്. സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കാനാണ് വനിതാ കമ്മിഷന്‍ ശ്രമിച്ചുവരുന്നത്. തുല്യത ഉറപ്പാക്കുന്നതാണ് ഭരണഘടനയുടെ അന്തസത്തയെങ്കിലും ഇതു പ്രാവര്‍ത്തികമാക്കുന്ന സാമൂഹിക സാഹചര്യം പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി,കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിസിലി ജോബ്, നദീറാ സെയ്ഫുദീന്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ വിധുമോള്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന  എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. മുഹമ്മദ് ഷൈജുവും സ്ത്രീ ശാക്തീകരണ നിയമങ്ങള്‍ എന്ന വിഷയം അഡ്വ. ജി.കെ. ശ്രീജിത്തും അവതരിപ്പിച്ചു.

 

Latest News