ന്യൂദൽഹി- കൗമാരക്കാർക്കിടയിലെ യഥാർത്ഥ പ്രണയം നിയമത്തിന്റെയോ ഭരണകൂട നടപടികളിലൂടെയോ നിയന്ത്രിക്കാനാകില്ലെന്ന് ദൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിനെതിരായ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗക്കേസ് തുടങ്ങിയവ റദ്ദാക്കിയാണ്് ദൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിച്ച് സമാധാനപരമായ ജീവിതം തുടരുകയും കുടുംബം പോറ്റുകയും രാജ്യത്തെ നിയമം അനുസരിക്കുകയും ചെയ്യുന്ന കൗമാരപ്രായക്കാരായ ദമ്പതികൾക്കെതിരെ ഭരണകൂടമോ പോലീസോ നടപടി സ്വീകരിക്കാൻ പാടില്ല. ഇത്തരത്തിലുള്ള കേസ് പരിഗണിക്കുന്നത് തന്നെ കോടതികൾ അഭിമുഖീകരിക്കുന്ന ധർമ്മസങ്കടമാണെന്ന് ഹൈക്കോടതി പറഞ്ഞു. പ്രണയിക്കുന്നവരിൽ ഒരാളോ, അല്ലെങ്കിൽ രണ്ടാളോ പ്രായപൂർത്തിയാകാത്തവരായിരിക്കും. അല്ലെങ്കിൽ അവർ പ്രായപൂർത്തിയാകാനുള്ള വയസിന് അടുത്തെത്തിയവരായിരിക്കും. നിയമത്തിന്റെയോ ഭരണകൂടത്തിന്റേയോ നടപടികളിലൂടെ പ്രണയത്തെ നിയന്ത്രിക്കാനാകില്ല. ഇത്തരം കേസുകൾ പരിഗണിക്കുമ്പോൾ നിയമത്തിനും മാനുഷിക പരിഗണനക്കുമിടയിലെ ധർമ്മസങ്കടത്തിലാണ് ജഡ്ജിമാർ പെട്ടുപോകുകയെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ പറഞ്ഞു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാൾക്കെതിരെ 2015ൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പോലീസ് വാദിച്ചെങ്കിലും പ്രായപൂർത്തിയായിട്ടുണ്ടെന്ന് പെൺകുട്ടി വ്യക്തമാക്കി.
എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ ദമ്പതികളുടെയും അവരുടെ രണ്ടു പെൺമക്കളുടെയും ഭാവിയെ ബാധിക്കുമെന്നും ഫലപ്രദവും യഥാർത്ഥവുമായി നീതിയുടെ പരാജയത്തിന് കാരണമാകുമെന്നും വിധിയിൽ വ്യക്തമാക്കി.
ഒളിച്ചോടിയ ശേഷം, ദമ്പതികൾ മുസ്ലീം ആചാരപ്രകാരമാണ് വിവാഹിതരായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പരാതി നൽകി. പോലീസ് ഇവരെ പിടികൂടിയെങ്കിലും പെൺകുട്ടി അഞ്ചു മാസം ഗർഭിണിയായിരുന്നു. കാമുകനുമായി വിവാഹം കഴിച്ചുവെന്നും അയാളുമായി സ്വമേധയാ ഉഭയകക്ഷി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സംഭവസമയത്ത് തനിക്ക് 18 വയസ്സായിരുന്നുവെന്നും പെൺകുട്ടി ഹൈക്കോടതിയിൽ വാദിച്ചു.
ഇരുവരും വിവാഹിതരായിട്ട് ഒൻപത് വർഷമായെന്നും രണ്ടു പെൺമക്കളാൽ അവർ അനുഗ്രഹിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. ദമ്പതികളുടെയും അവരുടെ രണ്ട് പെൺമക്കളുടെയും ഭാവിയും കഴിഞ്ഞ ഒമ്പത് വർഷമായി അവർ ഒരുമിച്ച് കെട്ടിപ്പടുത്ത മനോഹരമായ ജീവിതവും അപകടത്തിലാണെന്നും വിധിന്യായത്തിൽ കോടതി എടുത്തുപറഞ്ഞു.
നിയമത്തെ വ്യാഖ്യാനിക്കാനും ഉയർത്തിപ്പിടിക്കാനും മാത്രമല്ല, സമൂഹത്തിന്റെ ചലനാത്മകത മനസ്സിലാക്കാനും നീതിന്യായ വ്യവസ്ഥക്ക് ബാധ്യതയുണ്ട്. കോടതിയുടെ പങ്ക് ചട്ടങ്ങളുടെ കേവലമായ പ്രയോഗത്തിനും വ്യാഖ്യാനത്തിനും അപ്പുറമാണ്. തീരുമാനങ്ങൾ എടുക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധാരണയും കോടതിക്കുണ്ട്.
നീതിയുടെ തുലാസുകൾ തൂക്കിനോക്കേണ്ടിവരുമ്പോൾ, അവ എല്ലായ്‌പ്പോഴും ഗണിതശാസ്ത്രപരമായ കൃത്യതയുടെയോ ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല. സ്‌കെയിലിന്റെ ഒരു വശം നിയമത്തെ പ്രതിനിധീകരിക്കുമ്പോൾ, മറുവശം മുഴുവൻ ജീവിതത്തെയും വഹിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷവും ഭാവിയും എല്ലാം കോടതിക്ക് പരിഗണിക്കേണ്ടി വന്നുവെന്നും കോടതി വ്യക്തമാക്കി.