ന്യൂയോര്‍ക്ക്- ഖാലിസ്ഥാനി വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് അമേരിക്കന്‍ അധികാരികള്‍ കുറ്റപ്പെടുത്തുന്ന ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയ്ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് യു. എസ് സര്‍ക്കാരിനോട് ന്യൂയോര്‍ക്ക് കോടതി ആവശ്യപ്പെട്ടു. വധ ഗൂഢാലോചനയില്‍ ഗുപ്തയുടെ പങ്കിനുള്ള തെളിവുകളാവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടത്.
ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ പൗരനായ ഗുപ്തയ്‌ക്കൊപ്പം പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ്, മാന്‍ഹട്ടനിലെ ഒരു ഫെഡറല്‍ കോടതിയില്‍ നവംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
52കാരനായ ഗുപ്തയ്‌ക്കെതിരെ കൊലപാതകം, വാടകയ്ക്ക് വേണ്ടി കൊലപാതകം, ഗൂഢാലോചന തുടങ്ങി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറഞ്ഞു.