കൊച്ചി-റിപ്പോർട്ടർ ചാനലിൽനിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക സൂര്യ സുജി. വാർത്തകൾ വിൽക്കാൻ താൽപര്യമില്ലാത്തതിനാൽ മരംമുറി ചാനലിൽനിന്നും രാജിവെക്കുകയാണെന്ന് ഫെയ്‌സ്ബുക്കിൽ സൂര്യ സുജി കുറിച്ചു. ഏഴുമാസത്തെ ജോലിക്ക് ശേഷമാണ് രാജി. വാർത്തകൾ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ലെന്നും അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോന്നതാണെന്നും അതിനാൽ ഇറങ്ങിയെന്നും സൂര്യ സുജി പറഞ്ഞു.
ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരു പറ്റം കോമാളികൾ നയിക്കുന്ന ചാനലാണ് റിപ്പോർട്ടർ. നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്. ഒരു കൂട്ടരാജി ഉടൻ തന്നെ ഉണ്ടാവും എന്നത് ഉറപ്പ്. സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോർട്ടർ അധികാരികൾ എന്നോട് പെരുമാറിയ രീതി വിവരിക്കാൻ ആവില്ല. ഇടതുപക്ഷ അനുഭാവിയെ, സംഘപരിവാറിനെതിരെ ശബ്ദമുയർത്തുന്ന ഒരാളെ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അവർ പുറത്താക്കും മുൻപേ പുറത്തു പോകണം എന്നത് എന്റെ തീരുമാനം. മുതലാളിമാർക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാൻ വേണ്ടി മാത്രം വാർത്ത ചെയ്യുന്ന തൊഴിലാളികളെയാണ്. സംഘപരിവാർ രാഷ്ട്രീയമല്ലാത്തത് എന്തും അവർക്ക് വെറുപ്പാണ്..
പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി. അത് നല്ലതിന്. രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോർട്ടർമാരെ തെറി വിളിക്കും. അടുത്തദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ റിപ്പോർട്ടർമാർ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും. 24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരിൽ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്. പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോർട്ടർമാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവും ഉണ്ട്. അങ്ങനെ ഒരുപാടുണ്ട്. മാധ്യമപ്രവർത്തകരെ വിലക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം. ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റിയതിൽ സന്തോഷമെന്നും സൂര്യ സുജി പറഞ്ഞു.