ജനീവ- ഹിജാബ് വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും താലിബാന്‍ അടുത്തിടെ അറസ്റ്റ് ചെയ്തതില്‍ അഗാധമായ ആശങ്കയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യു.എന്‍ മിഷന്‍ പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്നതും അവരെ അടിച്ചമര്‍ത്തുന്നതും സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതായി മിഷന്‍ പറഞ്ഞു. ശാരീരിക അതിക്രമങ്ങളും തടങ്കലുകളും നിന്ദ്യവും അപകടകരവുമാണെന്ന് മുന്നറിയിപ്പ് നല്‍കി.
'മോശം വസ്ത്രം ധരിച്ചാല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളെ കസ്റ്റഡിയിലെടുക്കുമെന്ന് താലിബാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം താലിബാന്‍ ഏര്‍പ്പെടുത്തിയ ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത് . 2022ല്‍ മാസങ്ങളോളം പ്രതിഷേധങ്ങള്‍ നടന്ന ഇറാനിലെ സംഭവങ്ങളുമായി ഇതിന് സാമ്യമുണ്ട്.
ജനുവരി 1 മുതല്‍ കാബൂളിലും ദേകുന്‍ഡ് പ്രവിശ്യയിലും ഹിജാബിനായി നിര്‍ബന്ധിത പ്രചാരണങ്ങള്‍ തുടരുകയാണെന്നും ധാരാളം സ്ത്രീകളെയും പെണ്‍കുട്ടികളെയും താക്കീത് ചെയ്യുകയും തടവിലിടുകയും ചെയ്തുവെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു.