ന്യൂദല്‍ഹി - പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ആരംഭിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ അടുത്ത മാസം ഒമ്പത് വരെ ചേരുമെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്തമാസം ഒന്നാം തീയതിയാണ് ബജറ്റ് അവതരണം നടക്കുക. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പായതിനാല്‍ ഇടക്കാല ബജറ്റായിരിക്കും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമായി വലിയ പ്രഖ്യാപനങ്ങള്‍ മോഡി സര്‍ക്കാര്‍ കരുതി വച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കുന്ന കിസാന്‍ സമ്മാന്‍ നിധി ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടായിരിക്കുമെന്ന സൂചനകളുണ്ട്.
അതേസമയം പുതിയ നിയമനിര്‍മ്മാണം സംബന്ധിച്ച ശിപാര്‍ശകളൊന്നും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ 143 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഈ സമ്മേളനത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയേക്കും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൂടുതല്‍ എം.പിമാര്‍ക്കും വിലക്ക് ശീതകാല സമ്മേളനത്തിലായിരുന്നെങ്കിലും ചിലരുടെ സസ്‌പെന്‍ഷന്‍ കാലാവധി പാര്‍ലമെന്ററി സമിതിക്കാണ് വിട്ടിരിക്കുന്നത്.