ജിദ്ദ - നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതന വിവര്‍ത്തന ഉപകരണം പ്രദര്‍ശിപ്പിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്. ജിദ്ദ സൂപ്പര്‍ഡോമില്‍ ഹജ്, ഉംറ സേവന സമ്മേളന, എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലാണ് ജവാസാത്ത് പുതിയ തല്‍ക്ഷണ വിവര്‍ത്തന ഉപകരണം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 137 ഭാഷകള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്യാന്‍ ഉപകരണത്തിന് സാധിക്കും.
ഹജ്, ഉംറ സീസണുകളില്‍ അടക്കം അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ അറബി ഭാഷാ പരിജ്ഞാനമില്ലാത്ത യാത്രക്കാരുമായുള്ള ആശയവിനിമയം എളുപ്പമാക്കാനും അവരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും ഉയര്‍ന്ന കാര്യക്ഷമതയിലും പൂര്‍ത്തിയാക്കാനും പുതിയ ഉപകരണം ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കും. ഇമേജ് ടെക്സ്റ്റ് വിവര്‍ത്തനത്തെയും നൂതന ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ദൗത്യങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ നിര്‍മിത ബുദ്ധി ആപ്പുകളുടെ ഉപയോഗം, വിഷന്‍ 2030 പദ്ധതികളില്‍ ഒന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഹജ്, ഉംറ സേവന സമ്മേളന, എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയം പങ്കാളിത്തം വഹിക്കുന്നത്.
അതേസമയം, വിദേശ ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി തീര്‍ഥാടകര്‍ക്കുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപഹാരമാണെന്ന് സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു. തീര്‍ഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും, നടപടിക്രമങ്ങളുടെ എണ്ണവും ഇതിനെടുക്കുന്ന സമയവും കുറക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും സൗദിയിലെ വിമാനത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്ക് കാത്തുനില്‍ക്കേണ്ടിവരുന്ന സമയം കുറക്കാനും ലഗേജുകള്‍ താമസസ്ഥലത്ത് നേരിട്ട് എത്തിച്ചു നല്‍കാനുമാണ് മക്ക റൂട്ട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മക്ക റൂട്ട് പദ്ധതി ഇതിനകം ഏഴു രാജ്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവോര്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹജിന് 2,42,272 തീര്‍ഥാടകര്‍ക്ക് പദ്ധതി പ്രയോജനപ്പെട്ടു. വിഷന്‍ 2030 ന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ഭാഗമായ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്യുകയാണ്.
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ പ്രത്യേക വ്യവസ്ഥകള്‍ പാലിക്കണം. പദ്ധതിയില്‍ ചേരുന്ന രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് തിരിക്കുന്ന വിമാനങ്ങളിലെ മുഴുവന്‍ യാത്രക്കാരും ഹജ് തീര്‍ഥാടകര്‍ ആയിരിക്കണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യവും സൂക്ഷ്മവുമായിരിക്കണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന വിദേശ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളുമായി സൗദി ജവാസാത്ത് ഡയറക്ടറേറ്റിന് ആശയവിനിമയം നടത്താന്‍ സാധിക്കണമെന്നും ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു.
VIDEO യാത്രക്കാരായി അമ്മയും മകളും മാത്രം; വിമാനത്തില്‍ അവര്‍ അടിച്ചുപൊളിച്ചു
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍