റിയാദ് - കള്ളനോട്ടുകളും വ്യാജ രേഖകളും നിര്‍മിച്ച് വിതരണം ചെയ്ത ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഈജിപ്തുകാരും രണ്ടു ഛാഢുകാരും സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. സംഘത്തില്‍ രണ്ടു പേര്‍ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ മുതല്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പിടികിട്ടേണ്ടവരാണ്.
സംഘത്തില്‍ ഒരാളുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് പ്രതികള്‍ വ്യാജ കറന്‍സികളും രേഖകളും നിര്‍മിച്ചിരുന്നത്. കംപ്യൂട്ടറും പ്രിന്ററുകളും കളര്‍ ടോണറുകളും സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തി. 1,72,000 അമേരിക്കന്‍ ഡോളറും രണ്ടു ലക്ഷം റിയാലും പ്രതികളുടെ പക്കലുണ്ടായിരുന്നു. ഇവ വ്യാജമായിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.