ശ്രീനഗർ - ജമ്മു കശ്മീരിൽ മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം മറ്റൊരു സ്‌കോർപിയോ കാറുമായി കൂട്ടിയിടിച്ച് അപകടം. മെഹ്ബൂബ മുഫ്തി പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും അംഗരക്ഷകരിൽപെട്ട ഒരു പോലീസുകാരന് പരുക്കേു. ഇന്ന് ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സംഗം പ്രദേശത്ത് വച്ചാണ് അപകടം.
ഒരു കറുത്ത സ്‌കോർപിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ സ്‌കോർപിയോയുടെ മുൻവശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാനാബാലിൽ തീപ്പിടിത്തത്തിൽ പരുക്കേറ്റവരെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം അപകടത്തിൽ പെട്ടെങ്കിലും നിശ്ചയിച്ചതനുസരിച്ച് മെഹ്ബൂബ തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു.