Sorry, you need to enable JavaScript to visit this website.

യുവജന മുന്നേറ്റം:അധാർമികതക്കും അരാജകത്വത്തിനുമെതിരെ

ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നീങ്ങുമ്പോൾ അവയെല്ലാം മനുഷ്യരിൽ ഗൗരവ ചിന്തയുണ്ടാക്കേണ്ട യാഥാർത്ഥ്യങ്ങളാണ്. മനുഷ്യന് കടന്നു ചെല്ലാൻ സാധ്യമാവാത്ത പ്രപഞ്ചത്തിന്റെ ആഴിയും പരപ്പും ഇനിയുമെത്രയോ വിശാലമാണ്. 
മനുഷ്യ ശരീരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മസ്തിഷ്‌കവും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്ന ന്യൂറോണുകളും അത്ഭുതപ്പെടുത്തും. 10,000 കോടി വരെയാണ് ന്യൂറോണുകൾ. അധോമസ്തിഷ്‌ക തലത്തിൽ നടക്കുന്ന രക്തസമ്മർദ നിയന്ത്രണം, ശ്വാസോഛ്വാസം, വികാര വിക്ഷോഭങ്ങൾ തുടങ്ങിയ വയെല്ലാം നൽകുന്നതും വലിയ സന്ദേശങ്ങളാണ്. കേവലം നാലു ഗ്രാം ഭാരമുള്ള  ഹൈപ്പോതലാമസ് നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു പാറാവുകാരനാണ്. കൈ നീട്ടുന്ന ഏതൊരു വസ്തുവിനെയും തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഭാഗമായ സെറിബെല്ലം ഏറെ ചിന്തോദ്ദീപകമാണ്. തല മുതൽ കാലുകളുടെ വിരലറ്റം വരെ അത്ഭുതങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. കണ്ടുപിടിത്തങ്ങൾ സർവവും മനുഷ്യ ബുദ്ധിയെ നയിക്കേണ്ടത് പ്രപഞ്ചനാഥനെ അടുത്തറിയുന്നതിലേക്കാവണം. അധാർമികതയോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച ധാർമിക മൂല്യങ്ങളെ ചേർത്തുപിടിക്കലാണ് നേര്. കുത്തിയൊഴുക്കപ്പെട്ട മദ്യത്തിന്റെ വൻ വീപ്പകളിൽ നുരഞ്ഞു പൊന്തിയ ലഹരി ഇന്ന് എത്തി നിൽക്കുന്നത് അതിമാരകമായ എം.ഡി.എം. എയിലാണ്. നിമിഷങ്ങൾക്കകം അതുപയോഗിച്ച് വൻ ഏതു ക്രൂരകൃത്യവും ചെയ്യാൻ തയാറാവുന്നു. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ച! ജയിലകങ്ങളിൽ അഴിയെണ്ണിക്കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ വലിയ പങ്കും എം.ഡി.എം.എ കേസുകളിലാണ്. അതേ സമയം കഞ്ചാവും മദ്യവും മറ്റു മയക്കുമരുന്ന് ഉത്പന്നങ്ങളും ഉൾവലിഞ്ഞു പോയിട്ടില്ലതാനും. പല ആഘോഷ ദിനങ്ങളിലും നാടും നഗരവും കുടിച്ചു തീർക്കുന്നതിന്റെയും അവ വരുത്തി വെയ്ക്കുന്ന അപകടങ്ങളുടെയും കണക്കുകൾ ഉയർന്നു തന്നെ നിൽക്കുന്നു. മദ്യപനായ പിതാവൊന്ന് കടന്നുവരാതിരുന്നെങ്കിൽ എന്നാണ് പല പിഞ്ചു മക്കളുടെയും പ്രാർത്ഥനയും ആഗ്രഹവും. ചിറകറ്റ് വീഴാൻ വെമ്പുന്ന ആ കുഞ്ഞു പറവകൾക്ക് നാം പ്രതീക്ഷയാവണം. തിൻമകൾക്കെതിരേ നേര് നിലപാടാക്കിയവർക്കേ മുന്നിൽ നിന്ന് പൊരുതാനാവൂ. അതാണ് ആത്യന്തിക വിജയത്തിലേക്കുള്ള വാതായനവും.
ആത്യന്തികമായ ആത്മീയ വിമോചന മാർഗമാണ് മതം മനുഷ്യന് മുമ്പിൽ കാണിച്ചു കൊടുക്കുന്നത്. എന്നാൽ ഇസ്‌ലാമോഫോബിയ എന്ന അജണ്ടയുമായി കെട്ടുകഥകൾ മാത്രം മെനഞ്ഞ് പ്രചരിപ്പിക്കുന്ന നവ നാസ്തികരുടെ കപട മുഖം നാം തിരിച്ചറിയാതെ പോകരുത്. അധാർമികതയാണ് പുരോഗമനമെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് അത് അരാജകത്വമാണെന്ന് ഉറക്കെ വിളിച്ചു പറയാനാവണം. പുതുതലമുറയുടെ കണ്ണും ചെവിയും ചിന്തയും വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കൗമാര യൗവനത്തെ കാർന്നുതിന്നുന്ന ബിഹേവിയറൽ (മയക്കുമരുന്ന് ഉത്പന്നങ്ങൾ) അഡിക്ഷനും ഡിജിറ്റൽ (ടിവി, മൊെബെൽ തുടങ്ങിയവ) അഡിക്ഷനുമെല്ലാം വിധേയരായവരെ മോചിപ്പിക്കാൻ നേരിന്റെ പക്ഷത്ത് നിലകൊള്ളൽ അനിവാര്യമാണ്.
നമ്മുടെ ഇന്ത്യയുടേത് മതേതരത്വത്തിന്റെ മനസ്സാണ്. വെറുപ്പുൽപാദനത്തിന് ആക്കം കൂട്ടുമ്പോൾ വിദ്വേഷം പരത്തുമ്പോൾ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം. മനുഷ്യ മനസ്സുകളെ ചേർത്തു നിർത്താൻ മുന്നിൽ നിൽക്കേണ്ടവർ തന്നെ വർഗീയതക്ക് ആക്കാൻ കൂട്ടാൻ ശ്രമിക്കുന്ന ഒരു വല്ലാത്ത കാലം കൂടിയാണിത്. മുഖത്തടിപ്പിക്കുന്നതും പേരും രൂപവും വസ്ത്രവും നോക്കി ആക്രമിക്കുന്നതും ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. അക്രമ താണ്ഡവമാടുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്നവരുടെയും അക്രമികൾക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശകൾ ചെയ്തു കൊടുക്കുന്നവരുടെയുമെല്ലാം അജണ്ട വേറെയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
ജനിച്ചു വളർന്ന മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്നത് ആരെങ്കിലും വെച്ചുനീട്ടിത്തരേണ്ട അപ്പക്കഷ്ണമല്ല, മറിച്ച്, അത് പൗരാവകാശമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യ മതേരത പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നേര് നിലപാടായി സ്വീകരിച്ചവരാണ് മുന്നിൽ നടക്കേണ്ടത്. കലാപമല്ല, മനുഷ്യ സ്നേഹവും സാഹോദര്യവുമാണ് നമുക്കാവശ്യം.
കേരള നദ്‌വത്തുൽ മുജാഹിദീന്റെ യുവഘടകമായ ഐ.എസ്.എം നേരാണ് നിലപാട് എന്ന പ്രമേയം മുന്നോട്ടു വെച്ചത് ഈ സമകാലികതയെ വായിച്ചറിഞ്ഞുകൊണ്ടാണ്. യുവമനസ്സുകളോട് കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധിപ്പിക്കുകയാണ് ഈ വിദ്യാർഥി പ്രസ്ഥാനം. 

(ഐ.എസ്.എം സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)|

Latest News