ജറൂസലേം - ഗാസയിൽ സ്ഥിരമായി അധിനിവേശം നടത്താനോ അവിടുത്തെ സാധാരണക്കാരെ ഒഴിപ്പിക്കാനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായിൽ പോരാടുന്നത് ഹമാസിനോടാണെന്നും അതല്ലാതെ ഫലസ്തീൻ ജനതയോടല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് പോരാട്ടമെന്നും നെതന്യാഹു സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.
കുറച്ച് കാര്യങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ബെഞ്ചമിൻ നെതന്യാഹു സംസാരിക്കുന്നത്. ഗാസ സ്ഥിരമായി പിടിച്ചടക്കാനോ അവിടുത്തെ സിവിലിയൻമാരെ മാറ്റിപ്പാർപ്പിക്കാനോ ഇസ്രായിലിന് ഉദ്ദേശ്യമില്ല. ഞങ്ങൾ ഹമാസ് തീവ്രവാദികളോടാണ് പോരാടുന്നത്, ഫലസ്തീൻ ജനതയോടല്ല. ഞങ്ങളിലതെല്ലാം ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും പാലിച്ചാണ്. ഹമാസ് ഭീകരരിൽ നിന്ന് ഗാസയെ മോചിപ്പിക്കുകയും ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് സാക്ഷാത്കരിച്ചാൽ ഗാസയെ സൈനികവത്കരിക്കാനും നവീകരിക്കാനുമാവും. അതുവഴി ഇസ്രായിലിനും ഫലസ്തീനും ഒരുപോലെ മികച്ച ഭാവിക്കുള്ള സാധ്യത സൃഷ്ടിക്കുമെന്നുമാണ് നെതന്യാഹുവിന്റെ അവകാശവാദം. പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന ഇസ്രായിലിന്റെ കിരാതമായ നടപടികൾക്കെതിരെ ലോകമനസ്സാക്ഷി ശബ്ദിക്കുന്നതോടൊപ്പം ഇസ്രായിലിലും ഭരണകൂട നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽനിന്നും ബന്ധികളാക്കപ്പെട്ടവരുടെ കുടുംബങ്ങളിൽനിന്നും മറ്റും രൂക്ഷമായ വിമർശമാണ് ഉയരുന്നത്.
ഫലസ്തീനികളെ കൊന്നൊടുക്കുന്നത് മാനവികതയ്ക്ക് എതിരാണെന്നും പിഞ്ചുമക്കളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ കൂട്ടക്കുരുതി നടത്തുന്നത് അവസാനിപ്പിക്കണമെന്നും ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. എന്നാൽ, ഇതെല്ലാം ഹമാസിനെ ചൂണ്ടിക്കാട്ടി സയണിസ്റ്റ് അജണ്ട നടപ്പാക്കാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിനകത്ത് ഉയരുന്ന പ്രതിഷേധങ്ങൾ ഇസ്രായിൽ ഭരണകൂടത്തെ ഏറെ സമ്മർദ്ദത്തിലാക്കുന്നതായാണ് റിപോർട്ടുകൾ.