അഹമ്മദാബാദ് - ഗാന്ധി നഗറിൽ നടക്കുന്ന പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന് ഊഷ്മള സ്വീകരണം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാശഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആശ്ലേഷിച്ച് സ്വീകരിച്ചാനയിച്ചത്.
'എന്റെ സഹോദരാ, ഇന്ത്യയിലേക്ക് സ്വാഗതം. താങ്കളുടെ സന്ദർശനം ഒരു അംഗീകാരമാണ്' മോഡി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മള ബന്ധം വിളിച്ചോതുന്ന ചിത്രങ്ങളുംപ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിക്ക് മുന്നോടിയായി മോഡിയും ശൈഖ് മുഹമ്മദ് സായിദും റോഡ് ഷോയും നടത്തിയിരുന്നു. യു.എ.ഇയുടെയും ഇന്ത്യയുടെയും പതാകകൾ വീശിയാണ് ജനങ്ങൾ ശൈഖിനെ ആവേശപൂർവ്വം അഭിവാദ്യം ചെയ്തത്. അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽനഹ്‌യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു. ഇരു രാജ്യങ്ങളെയും ചേർത്തുനിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.