കാസര്‍കോട് - ഉള്ളാള്‍ ദര്‍ഗയില്‍ വെച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പറ്റിക്കുകയായിരുന്നുവെന്നും അറസ്റ്റിലായ കൈവെട്ട് കേസിലെ മുഖ്യ പ്രതി സവാദിന്റെ ഭാര്യാപിതാവ് അബ്ദുല്‍ റഹ്മാന്. പരിചയപ്പെട്ട ശേഷം നല്ല ചെറുപ്പക്കാരനാണെന്നാണ് തോന്നിയത്. അങ്ങനെയാണ് മകളെ വിവാഹം ചെയ്ത് നല്‍കിയത്. കണ്ണൂര്‍ സ്വദേശി ഷാജഹാന് ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന് എന്നാണ്. തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും അബ്ദുല്‍ റഹ്മാന് പറയുന്നു. സവാദിന്റെ അറസ്റ്റിന് ശേഷം ടി വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ചോദ്യ പേപ്പറില്‍ മത നിന്ദ അടങ്ങിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതിയായ സവാദിനെ 13 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് എന്‍ ഐ എ പിടികൂടിയത്. കണ്ണൂര്‍ മട്ടന്നൂരില്‍ ആശാരിപ്പണിയെടുത്ത് കുടുംബത്തോടൊപ്പം വാടക വീട്ടില്‍ ഷാജഹാന് എന്ന വ്യാജ പേരില്‍ കഴിഞ്ഞു വരികയായിരുന്നു. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ ഐ എ തീരുമാനിച്ചിട്ടുള്ളത്.